ജോസഫ് ഉമ്മൻചാണ്ടിയെ കണ്ടു; കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിൽ നിര്‍ണായക ചര്‍ച്ച, പ്രശ്നം യുഡിഎഫിലേക്ക്

By Web TeamFirst Published Mar 13, 2019, 9:01 AM IST
Highlights

സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം പിജെ ജോസഫ് ഉപേക്ഷിച്ചിട്ടില്ല. കെഎം മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാരം കോൺഗ്രസിനും തലവേദനയാണ്. ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ഉമ്മൻചാണ്ടിയെ കാണാനെത്തിയ ജോസഫിന്‍റെ പ്രതികരണം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിൽ പരിഹാരം തേടി കോൺഗ്രസ് നേതാക്കളെ കണ്ട് പിജെ ജോസഫ്. കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും അതൃപ്തിയും അറിയിച്ചാണ് ജോസഫ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിലെത്തിയത്.

നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പൊട്ടിത്തെറിയിലെത്തി നിൽക്കുന്ന കേരളാ കോൺഗ്രസിൽ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും അത് എങ്ങനെ എന്ന് വ്യക്തമല്ല

ജോസഫ് മാണി പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയുമായാണ് ജോസഫിന്‍റെ ആദ്യ കൂടിക്കാഴ്ച. മോൻസ് ജോസഫ് അടക്കം കേരളാ കോൺഗ്രസ് നേതാക്കളുമായാണ് പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ജോസഫ് പ്രശ്ന പരിഹാരത്തിന് സമീപിച്ചു

നിര്‍ണ്ണായക ചര്‍ച്ചകൾ തലസ്ഥാനത്ത് നടക്കുമ്പോഴും ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിന് കെഎം മാണി തയ്യാറായിട്ടില്ല. തോമസ് ചാഴിക്കാടൻ കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിയടക്കമുള്ള  നേതാക്കൾ ആവര്‍ത്തിക്കുന്നുമുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തോമസ് ചാഴിക്കാടൻ കോട്ടയത്ത് സജീവവുമാണ്.

കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ഇടുക്കി പിജെ ജോസഫിന് വിട്ടുനൽകുന എന്ന ഫോര്‍മുലയായിരിക്കും കോൺഗ്രസ് ഒരുപക്ഷെ മുന്നോട്ട് വയ്ക്കുക. എന്നാൽ അതിനി ഉമ്മൻചാണ്ടിക്ക് മത്സരിക്കാനെന്ന് പറഞ്ഞ് ആവശ്യപ്പെട്ടാൽ പോലും കെഎം മാണി വഴങ്ങാനിടയില്ല. കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് ഇടത് മുന്നണി നിര്‍ത്തിയ വിഎൻ വാസവനെന്ന് വിലയിരുത്തലിനപ്പുറം തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കുന്നതിൽ കടുത്ത എതിര്‍പ്പും കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കോട്ടയത്തെ പ്രശ്നപരിഹാരം നിലവിൽ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ കീറാമുട്ടിയാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പ്രധാന ഘടകകക്ഷികളിൽ ഒന്നിൽ ഉടലെടുത്ത പ്രതിസന്ധി യുഡിഎഫിനെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സ്ഥിരം സീറ്റിലെ തോൽവിയിലേക്ക് വരെ നയിക്കാവുന്ന വിധം പ്രതിസന്ധി വളരന്നത് നേതാക്കൾക്ക് കണ്ടു നിൽക്കാനും ആകില്ല. അതുകൊണ്ടു തന്നെ സ്വന്തം പാര്‍ട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന പിജെ ജോസഫിന്‍റെ പരാതി ഗൗരവത്തോടെ കാണാനാണ് കോൺഗ്രസ് നേതാക്കളുടെയും യുഡിഎഫിന്‍റെയും തീരുമാനം.

click me!