കോമാ മുന്നണി കോമ സ്റ്റേജിലായി; രാഹുലിന്‍റെ വരവ് സിപിഎം പിന്തുണയോടെ: പി എസ് ശ്രീധരൻപിള്ള

By Web TeamFirst Published Mar 23, 2019, 4:19 PM IST
Highlights

രാഹുൽ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്‍റെ പിന്തുണയോടെയാണെന്നും പി വി അൻവറിന്‍റെ രാഹുൽ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും ശ്രീധരൻ പിള്ള

കോഴിക്കോട്: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രാഹുൽ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്‍റെ പിന്തുണയോടെയാണെന്നും പി വി അൻവറിന്‍റെ രാഹുൽ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോമാ മുന്നണിയിപ്പോൾ കോമ സ്റ്റേജിലായി. ദേശീയ രാഷ്ട്രീയത്തിൽ പിടിച്ച് നിൽക്കാനാവാത്തതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ആലോചിക്കുന്നതെന്ന് കുമ്മനം പരിഹസിച്ചു. 

അതേസമയം സിപിഎമ്മിനെ സംബന്ധിച്ച് നയം വ്യക്തമാക്കേണ്ട സമയമാണ്. സിപിഎമ്മിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് പലരും പറയുന്നത്. എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കലാണ്. ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് എന്ന് പറയുമ്പോള്‍ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി സിപിഎം വ്യക്തമാക്കണം. വയനാട്ടില്‍ ജയിക്കേണ്ടത് രാഹുലാണോ എന്നും കുമ്മനം ചോദിച്ചു. മുഖ്യ എതിരാളി ബിജെപി ആകുകയും കേരളത്തിന് പുറത്തെല്ലാം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ചിത്രം വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

click me!