
പൊന്നാനി: ജപ്പാനിൽ മഴ പെയ്യുന്നത് പശ്ചിമഘട്ട മലനിരകളിൽ നിന്നുള്ള മേഘങ്ങൾ മൂലമാണെന്ന മുൻവാദത്തിൽ ഉറച്ച് നിലമ്പൂർ എംഎൽഎയും പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പിവി അൻവർ. ഈ വിഷയത്തിൽ ആരുമായും ഒരു സംവാദത്തിന് തയ്യാറാണെന്ന് പിവി അൻവർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ 'പോരാളിക്കൊപ്പ'ത്തിൽ പറഞ്ഞു.
"ജപ്പാനിൽ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമ ഘട്ടത്തിലെ കാർമേഘങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംവാദത്തിന് തയ്യാറാണ്. 23 ന് വോട്ടെടുപ്പ് അവസാനിക്കും. 25 ന് ശേഷമുള്ള ഒരു ദിവസം തീരുമാനിച്ചോ. ഒരു മണിക്കൂർ സംവാദം. എല്ലാവരെയും വിളിക്കാം"- പി വി അൻവർ പറഞ്ഞു.
"അങ്ങനെ എത്രയെത്രെ കാര്യങ്ങൾ...അമേരിക്കയിൽ പ്രസവിക്കുന്ന മത്സ്യങ്ങൾ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യലെത്തി പ്രസവിച്ച് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുന്നുണ്ട്. ഇതൊക്കെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്"- പി വി അൻവർ വാചാലനായി.
"2002 വരെ നാസയുടെ സൈറ്റിൽ ഇക്കാര്യം ഉണ്ടായിരുന്നു.ഇപ്പോൾ എവിടെപ്പോയി? എന്താണ് ജപ്പാൻ കുടിവെള്ള പദ്ധതി? ജപ്പാൻകാർക്ക് ഇവിടെ വെള്ളം കൊടുക്കാൻ എന്താണിത്ര താത്പര്യം? ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പിന്നിലൊക്കെ വേറെ പല കാര്യങ്ങളുണ്ട്. അതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാം"- പി വി അൻവർ വീണ്ടും വെല്ലുവിളിച്ചു.