മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ മറുപടി

By Web TeamFirst Published Apr 18, 2019, 7:16 PM IST
Highlights

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ്  പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്

ദില്ലി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമോ? പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഏറ്റവും അധികം ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്നാണിത്.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.

മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ്  പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'വാരാണസിയിൽ നിന്നായാലെന്താ' എന്ന് പ്രിയങ്ക ചോദിച്ചിരുന്നു.

ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തയാറാണെന്ന് ഭർത്താവ് റോബർട്ട് വദ്രയും പ്രതികരിച്ചതോടെ ഇക്കാര്യത്തിലെ ആകാംക്ഷ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതേ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരണം നടത്തിയിരിക്കുകയാണ്.

ദി ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മറുപടി നല്‍കിയത്. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് ഉറപ്പിക്കുന്നുമില്ല, തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തിലുള്ള ആകാംക്ഷ നിലനില്‍ക്കട്ടെ. ആകാംക്ഷയെന്നത് ഒരു മോശം കാര്യമല്ലല്ലോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. 

click me!