രാഹുല്‍ ഗാന്ധി രാഷ്ട്രീയ അഭയാര്‍ത്ഥിയാണെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

By Web TeamFirst Published Apr 2, 2019, 4:25 PM IST
Highlights

ജവഹര്‍ലാല്‍ നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിനെ ആശ്രയിച്ച് അവരുടെ സ്വാധീന മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന് മത്സരിക്കേണ്ടി വരുന്നത് അപചയവും പരാജയത്തിന് തുല്യവുമാണെന്ന് ശ്രീധരന്‍ പിള്ള.

തിരുവനന്തപുരം: അമേഠി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെത്തിയ രാഷ്ട്രീയ അഭയാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. 

ജവഹര്‍ലാല്‍ നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിനെ ആശ്രയിച്ച് അവരുടെ സ്വാധീന മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന് മത്സരിക്കേണ്ടി വരുന്നത് അപചയവും പരാജയത്തിന് തുല്യവുമാണ്- തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'ജനായത്തം-2019' പരിപാടിയില്‍ സംസാരിക്കവെ ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. 

അറുപത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലമാണ് വയനാട്. ഇവിടെ കോണ്‍ഗ്രസ്സിനേക്കാള്‍ മുസ്ലിം ലീഗിനാണ് സ്വാധീനം. ഇതല്ലാതെ മറ്റെന്ത് പ്രത്യേകതയാണ് വയനാട് തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുള്ളത്. ഈ സാഹചര്യം രാജ്യത്തെ ജനങ്ങളോട് പറയേണ്ട രാഷ്ട്രീയ ഉത്തരവാദിത്വം ബിജെപിക്കുള്ളതിനാലാണ് നരേന്ദ്ര മോദിയും അമിത് ഷായും വിഷയം ഉന്നയിച്ചത്. അത് മുസ്ലിം വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ബിജെപിക്കെതിരെ ബദല്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെയും ഇടത് പാര്‍ട്ടികളുടെയും ശ്രമം പരാജയപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

നേരത്തെ ബിഡിജെഎസ്സിന് നല്‍കിയ സീറ്റായതിനാലാണ് വയനാട് തുഷാര്‍ മത്സരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. മുന്നണി ധര്‍മ്മം പാലിക്കേണ്ടതുണ്ട്. ശക്തനും പൊതുസമ്മതുമായ സ്ഥാനാര്‍ത്ഥിയാണ് തുഷാര്‍. ശബരിമല, രാജ്യസുരക്ഷ, കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്. 

ഉചിതമായ രീതിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചതും ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിക്രമങ്ങള്‍ നടത്തിയതും ജനങ്ങള്‍ ഗൗരവമായി ചിന്തിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴോളം മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് രണ്ട് ലക്ഷത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. നിരവധി മണ്ഡലങ്ങളില്‍ ഇത്തവണ ജയിക്കാന്‍ സാധിക്കും. ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

click me!