വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് എന്തിന്? രാഹുൽ ഗാന്ധി മനസ്സ് തുറക്കുന്നു

By Web TeamFirst Published Apr 2, 2019, 3:55 PM IST
Highlights

"തെക്കേ ഇന്ത്യ എന്നും മോദി സർക്കാരിന്‍റെ കീഴിൽ അവഗണന മാത്രമാണ് നേരിട്ടത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് എനിക്ക് അവരോട് പറയണമായിരുന്നു", രാഹുൽ പറയുന്നു. 

ദില്ലി: ദേശസുരക്ഷയെക്കുറിച്ചും, അഴിമതിയെക്കുറിച്ചും, വിദേശ നയത്തെക്കുറിച്ചും ഒരു തുറന്ന സംവാദത്തിന് തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ നിന്ന് വയനാട്ടിലേക്ക് ഹിന്ദുക്കളെ പേടിച്ച് ഒളിച്ചോടുകയാണ് രാഹുലെന്ന് മഹാരാഷ്ട്രയിലെ വാർധയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചതിന് പിറ്റേന്നാണ് രാഹുലിന്‍റെ വെല്ലുവിളി. 

ചരിത്രത്തിലാദ്യമായി രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചത് എന്തിനെന്നും രാഹുൽ വ്യക്തമാക്കി. ''തെക്കേ ഇന്ത്യ മോദിയുടെ ഭരണത്തിന് കീഴിൽ അവഗണന മാത്രമാണ് നേരിട്ടത്. രാജ്യത്തിന്‍റെ തന്ത്രപ്രധാനതീരുമാനങ്ങളിലൊന്നും അവരെ ഉൾക്കൊള്ളിക്കുന്നില്ല എന്ന തോന്നലാണ് തെക്കേ ഇന്ത്യക്കാർക്ക്. അതുകൊണ്ടാണ് അവരോട് ഞാൻ പറയുന്നത്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു. അതുകൊണ്ടാണ് ഞാൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നത്.''

ഹിന്ദു മേഖലയിൽ നിന്ന് ചിലർ ഒളിച്ചോടുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയിൽ രാഹുലിന്‍റെ പേര് എടുത്തു പറയാതെ പരിഹസിച്ചത്. കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണെന്നും മോദി പറഞ്ഞു. ''ഹിന്ദു ഭീകരത'' എന്ന വാക്ക് ഉപയോഗിച്ച രാഹുലിന് അതിന് അനുസരിച്ചുള്ള തിരിച്ചടി കിട്ടുമെന്ന പേടിയാണെന്നും മോദി പരിഹസിച്ചു. 

കൃത്യമായും ഹിന്ദുത്വ കാർഡിറക്കിയാണ് മോദി രാഹുലിനെ പരിഹസിക്കുന്നത്. 'ഭൂരിപക്ഷം ന്യൂനപക്ഷമായ' ഇടത്തേക്കാണ് രാഹുൽ മത്സരിക്കാൻ ഓടിയൊളിക്കുന്നതെന്നും മോദി ആരോപിക്കുന്നു. 

എന്നാലിതിന് വ്യക്തമായ മറുപടിയാണ് രാഹുൽ നൽകുന്നത്. ''ഹിന്ദുക്കൾ മാത്രമല്ല, എല്ലാവരുമുണ്ടിവിടെ. പക്ഷേ, ഇവിടെ എത്ര പേർക്ക് ജോലിയുണ്ട്. ഉറപ്പ് തന്ന തൊഴിലുകളെവിടെ? നരേന്ദ്രമോദി യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് എന്താണ്? തൊഴിൽ, സ്ത്രീകളുടെ പ്രശ്നങ്ങൾ .. അങ്ങനെ നിരവധി പ്രശ്നങ്ങളില്ലേ? യഥാർത്ഥത്തിൽ പേടിച്ച് ഓടിയൊളിക്കുന്നത് മോദിയാണ്. ഞാൻ അദ്ദേഹത്തെ ഈ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സംവാദത്തിന് ക്ഷണിക്കുകയാണ്. ഒരു വാർത്താ സമ്മേളനം പോലും വിളിക്കാൻ മോദി ഭയക്കുന്നതെന്തിനാണ്? നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. പക്ഷെ നിങ്ങൾക്ക് അദ്ദേഹത്തെ പേടിയല്ലേ?'' പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ രാഹുൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു. 

click me!