
ദില്ലി: രാഹുൽ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. നാളെ സുപ്രീം കോടതിയുടെ നടപടിക്ക് കാത്തിരിക്കുന്നു എന്നും നിർമല സീതാരാമൻ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്‍റെ പ്രതികരണം.
പാകിസ്ഥാനോടുള്ള പെരുമാറ്റത്തിൽ ഇന്ത്യയുടെ സ്വഭാവപരമായ മാറ്റം വേണമെന്ന പി ചിദംബരത്തിന്‍റെ പ്രസ്താവനയ്ക്ക് എതിരെയും നിർമല സീതാരാമൻ പ്രതികരിച്ചു. പി ചിദംബരത്തിന്‍റെ പ്രസ്താവന രാജ്യത്തിന്‍റെ പരമാധികാരം ചോദ്യം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞതെന്ന് രാഹുൽ കോടതിയില്‍ വിശദമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ കേസിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്.
റഫാൽ പുനപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകൾ കൂടി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുൽ പറഞ്ഞത്.