'മേക്ക്‌ ഇന്‍ ഇന്ത്യ' പ്രധാനമന്ത്രിയുടെ പ്രഹസനം;വിപണിയിലെല്ലാം ചൈനീസ്‌ ഉല്‌പന്നങ്ങളുടെ പ്രളയമെന്നും രാഹുല്‍ ഗാന്ധി

By Web TeamFirst Published Apr 12, 2019, 7:35 PM IST
Highlights

'മേക്ക്‌ ഇന്‍ ഇന്ത്യാ' വാഗ്‌ദാനം നല്‌കിയ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തെ വിപണികളിലെല്ലാം ചൈനീസ്‌ ഉല്‌പന്നങ്ങളുടെ പ്രളയമാണെന്നാണ്‌ രാഹുല്‍ പരിഹസിച്ചത്‌.
 

സേലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേക്ക്‌ ഇന്‍ ഇന്ത്യാ' സ്ലോഗനെ പരിഹസിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേക്ക്‌ ഇന്‍ ഇന്ത്യാ വാഗ്‌ദാനം നല്‌കിയ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തെ വിപണികളിലെല്ലാം ചൈനീസ്‌ ഉല്‌പന്നങ്ങളുടെ പ്രളയമാണെന്നാണ്‌ രാഹുല്‍ പരിഹസിച്ചത്‌.

"അദ്ദേഹം (നരേന്ദ്രമോദി) നിങ്ങള്‍ക്ക്‌ തന്നത്‌ മേക്ക്‌ ഇന്‍ ഇന്ത്യാ എന്ന മുദ്രാവാക്യമാണ്‌. പക്ഷേ, എവിടെ നോക്കിയാലും വിപണിയില്‍ ചൈനീസ്‌ ഉല്‌പന്നങ്ങള്‍ മാത്രമാണ്‌ കാണാന്‍ കഴിയുക. നമുക്ക്‌ വേണ്ടത്‌ ഇന്ത്യയില്‍ നിര്‍മ്മിച്ച, തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ച ഉല്‌പന്നങ്ങളാണ്‌". സേലത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഒരു യുവാവിന്‌ സ്വന്തമായി ബിസിനസ്‌ തുടങ്ങണമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ചെന്ന്‌ വാതിലില്‍ മുട്ടേണ്ട അവസ്ഥയാണുള്ളത്‌. എന്നാല്‍, രാജ്യത്തെവിടെ ബിസിനസ്‌ ആരംഭിച്ചാലും മൂന്ന്‌ വര്‍ഷം വരേയ്‌ക്കും ഒരു സര്‍ക്കാര്‍ വകുപ്പിന്റെയും അനുമതി വാങ്ങേണ്ടതില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ധനികര്‍ക്ക്‌ വന്‍തോതില്‍ പണം നല്‍കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
 

click me!