അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; രാഹുൽ ​ഗാന്ധി

By Web TeamFirst Published Mar 9, 2019, 10:21 PM IST
Highlights

കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളുകളുടെ ക്ഷേമത്തിനും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഉറപ്പു നല്‍കിയതായി ദേശീയ മത്സ്യത്തൊഴിലാളി ഫോറം വൈസ് പ്രസിഡന്റ് ഒലന്‍സിയോ സൈമോസ് പറഞ്ഞു.

പനാജി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് ​രാഹുൽ ​ഗാന്ധി. കഴിഞ്ഞ ദിവസം പനാജിയിൽ മത്സ്യത്തൊഴിലാളികളോട്  സംസാരിക്കവെയായിരുന്നു കോൺ​ഗ്രസ് അധ്യക്ഷന്റെ വാ​ഗ്ദാനം.

കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികളുടെ  ക്ഷേമത്തിനും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഉറപ്പു നല്‍കിയതായി ദേശീയ മത്സ്യത്തൊഴിലാളി ഫോറം വൈസ് പ്രസിഡന്റ് ഒലന്‍സിയോ സൈമോസ് പറഞ്ഞു. ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തുമെന്ന് രാഹുൽ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവില്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ ഉപവകുപ്പായിട്ടാണ് ഫിഷറീസ് വകുപ്പ് വരുന്നത്. മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ സി ആര്‍ ഇസ‍ഡ്(തീരദേശ നിയന്ത്രണ നിയമം) 2019 ആക്ടില്‍ വരുത്തിയ മാറ്റങ്ങള്‍ റദ്ദാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. 

മോര്‍മുഗാവോ തുറമുഖത്ത് കല്‍ക്കരി ഖനനം നടത്തുന്ന പ്രതിനിധികളുമായും ഖനനത്തെ തുടര്‍ന്നുള്ള മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.

click me!