രാജസ്ഥാൻ ഗവ‍ർണർ കല്യാൺ സിംഗ് ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 2, 2019, 10:17 AM IST
Highlights

താൻ ഒരു ബിജെപി പ്രവർത്തകനാണ് എന്ന പ്രസ്താവനയിലൂടെ കല്യാൺ സിംഗ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഗവർണ്ണറുടെ പെരുമാറ്റച്ചട്ടലംഘനം കമ്മീഷൻ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

ദില്ലി: ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കാം എന്ന കല്യാൺ സിംഗിന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. താൻ ഒരു ബിജെപി പ്രവർത്തകനാണ് എന്ന പ്രസ്താവനയിലൂടെ കല്യാൺ സിംഗ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.

അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായ സതീഷ് ഗൌതത്തിന് എതിരെ ബിജെപി പ്രവർത്തകർക്കിടയിൽ അസംതൃപ്തി ഉയർന്നതിനെത്തുടർന്ന് ആയിരുന്നു കല്യാൺ സിംഗിന്‍റെ വിവാദ പരാമർശം. ഞങ്ങളെല്ലാം ബിജെപി പ്രവർത്തകരാണെന്നും മോദിയെ വീണ്ടും തെരഞ്ഞെടുക്കണം എന്നുമായിരുന്നു കല്യാൺ സിംഗിന്‍റെ പ്രസ്താവന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുമെന്നും കല്യാൺ സിംഗ് പറഞ്ഞിരുന്നു. 

കല്യാൺ സിംഗിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു രാഷ്ട്രപതിഭവന്‍റെ നിലപാട്. ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ.

ഇത് രണ്ടാം തവണയാണ് ഒരു ഗവർണർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുന്നത്. 1993ൽ ഹിമാചൽപ്രദേശ് ഗവർണർ ആയിരുന്ന ഗുൽസാർ അഹമ്മദ് തന്‍റെ മകൻ സയിദ് അഹമ്മദിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. അന്ന് ഗുൽസാർ അഹമ്മദിന് ഗവർണർ സ്ഥാനം രാജി വയ്ക്കേണ്ടിവന്നിരുന്നു.

click me!