ശബരിമല തുണയാവും: രണ്ട് സീറ്റുകള്‍ ബിജെപി ജയിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

By Web TeamFirst Published Apr 25, 2019, 7:36 PM IST
Highlights

 തൃശ്ശൂരിലും മറ്റു മണ്ഡലങ്ങളിലും ശക്തമായ രീതിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ടെന്ന് ആര്‍എസ്എസ് സംശയിക്കുന്നു

കൊച്ചി: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിച്ചെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്നും കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തി. യോഗത്തില്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു. ബിജെപിയില്‍ നിന്നും കുമ്മനം രാജേശഖരനും കെ.സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള യോഗത്തിന് വന്നില്ല. 

സംസ്ഥാനത്തെ അഞ്ച് എ പ്ലസ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ അതിശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഇതില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ത്രികോണമത്സരത്തെ അതിജീവിച്ചും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും എന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം. ശബരിമല മുന്‍നിര്‍ത്തി നടത്തിയ പ്രചാരണം വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് ആര്‍എസ്എസിന്‍റെ കണ്ടെത്തല്‍. ശക്തമായ പ്രചാരണത്തിന്‍റേയും ശബരിമലയുടെ സ്വാധീനം കൊണ്ടും ത്രികോണമത്സരത്തെ മറികടന്നും രണ്ട് സീറ്റുകളില്‍ താമര വിരിയും എന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെ തൃശ്ശൂരില്‍ ശക്തമായ മത്സരം തന്നെ പാര്‍ട്ടി കാഴ്ചവച്ചെന്ന് യോഗം വിലയിരുത്തി. തൃശ്ശൂരിലും ജയിക്കാം എന്നാണ് ആര്‍എസ്എസ് പ്രതീക്ഷ. എന്നാല്‍ തൃശ്ശൂരിലും മറ്റു മണ്ഡലങ്ങളിലും ശക്തമായ രീതിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ടെന്ന് ആര്‍എസ്എസ് സംശയിക്കുന്നു.  യുഡിഎഫിന് അനുകൂലമായിട്ടാവും ന്യൂനപക്ഷ വോട്ടുകള്‍ തിരിയുക എന്നാണ് ആര്‍എസ്എസിന്‍റെ വിലയിരുത്തല്‍. ശക്തമായ രീതിയിലാണ് ഏകീകരണം നടന്നതെങ്കില്‍ തൃശ്ശൂരിലും മറ്റു മണ്ഡലങ്ങളിലും അത് ബിജെപിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തുന്നു. 

click me!