തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മെല്ലെ പോക്ക്: പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് ശശി തരൂർ

Published : Apr 11, 2019, 12:12 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മെല്ലെ പോക്ക്: പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് ശശി തരൂർ

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജ്ജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താൻ പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കും. അവസാന റൗണ്ടിൽ ആണ് കോൺഗ്രസ് പ്രചാരണം ശക്തമാകുകയെന്നും ശശി തരൂർ വ്യക്തമാക്കി. 

കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തരൂര്‍ വ്യക്തമാക്കി. ചില ഭാഗങ്ങളിൽ ശക്തമായ പ്രചാരണം വേണം എന്ന് ചിലർ പറഞ്ഞിട്ടുണ്ട്.  ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജ്ജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് തലസ്ഥാനത്തെ കോൺഗ്രസ്സിലെ ഇപ്പോഴത്തെ വിവാദവിഷയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് കാണിച്ച് തരൂർ ക്യാമ്പ് നൽകിയ പരാതിയെ തുടർന്ന് ജില്ലയിലെ നേതാകൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. 

മെല്ലെപ്പോക്കിന് പിന്നിൽ വിഎസ് ശിവകുമാർ എംഎൽഎയാണെന്ന് മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 

ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂർ മുരളിയുടെ വീടിന്‍റെ മതിലിൽ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേർക്കുകയും ചെയ്തു. ശിവകുമാർ അടക്കമുള്ള നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂർ മുരളി പറഞ്ഞു.

എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിക്കെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?