മഹാരാഷ്ട്രയില്‍ നിറം മങ്ങി ബിജെപി; നില മെച്ചപ്പെടുത്തി ശിവസേന

By Web TeamFirst Published Oct 24, 2019, 4:56 PM IST
Highlights

 ശരദ് പവാറിന്‍റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കാമെന്ന ഊഹാപോഹങ്ങളെയും  ശിവസേന തള്ളി. 

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞതോടെ ഇനി ശിവസേനയുടെ പങ്ക് നിര്‍ണ്ണായകമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ശിവസേന ഇത്തവണ കാഴ്ചവച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് 50:50 ഫോര്‍മുല വേണമെന്ന് ശിവസേന വോട്ടെണ്ണി തീരുന്നതിന് മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വരാന്‍ പോകുന്നത് ബിജെപി ശിവസേന സര്‍ക്കാരാണ്. അതില്‍ രണ്ട് അഭിപ്രായമില്ലെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞിരിക്കുന്നത്. ശരദ് പവാറിന്‍റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കാമെന്ന ഊഹാപോഹങ്ങളെയും  ശിവസേന തള്ളി. 126 മണ്ഡലങ്ങളില്‍ മത്സരിച്ച ശിവസേന നിലവില്‍ 64 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. 

Read More: മഹാരാഷ്ട്രയില്‍ ബിജെപിക്ക് നിറം മങ്ങിയ ജയം; അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി കോണ്‍ഗ്രസ് സഖ്യം...

തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം ബിജെപി നേതാക്കള്‍. എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസാണ് സഖ്യം തുടരണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ ശിവസേന ആഗ്രഹിച്ച 50:50 ഫോര്‍മുലയോട് ബിജെപി മുഖംതിരിക്കുകയായിരുന്നു. തുടര്‍ന്ന് 126 സീറ്റുകളലിലേക്ക് ശിവസേനയെ ഒതുക്കി 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുകയായിരുന്നു. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാണ് ചെറു കക്ഷികളെ താമര ചിഹ്നത്തിൽ ബിജെപി മത്സരിപ്പിച്ചത്. എന്നാൽ 288 അംഗ നിയമസഭയിൽ കഴിഞ്ഞതവണത്തെ 122 സീറ്റ് നേട്ടത്തിന്‍റെ അടുത്തെത്താൻപോലും ബിജെപിക്ക് ആയില്ല. 

Read More: ശിവസേനയുടെ കൂടെ സർക്കാരുണ്ടാക്കില്ല; പ്രതിപക്ഷത്ത് തന്നെയെന്ന് ശരദ് പവാര്‍...

സീറ്റ് വിഭജനത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയാഞ്ഞതോടെ 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമാണ് ശിവസേന മന്ത്രിസഭയില്‍ ചേരുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളെ നിശിതമായി ശിവസേന വിമര്‍ശിക്കാറുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 20 ലേറെ പ്രതിപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിച്ചും മുതി‍ർന്ന നേതാക്കൾക്ക് സീറ്റ് നൽകാതെയും മുഖ്യമന്ത്രി ഫട്നാവിസ് പയറ്റിയ തന്ത്രങ്ങൾ പാളിയെന്ന് ഫലം വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പലരും തോറ്റു. സൗത്ത് വെസ്റ്റ് നാഗ്പൂരിൽ ജയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

click me!