മുംബൈ: അധികാരത്തിന്‍റെ ധാര്‍ഷ്ഠ്യം ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നത് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍സിപിയില്‍ നിന്ന് ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയ നേതാക്കളെ ഉന്നംവച്ച് കൂറുമാറ്റം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. കുറഞ്ഞനാളുകള്‍ക്കിടെ എന്‍സിപിയില്‍ നിന്ന് നിരവധി നേതാക്കളാണ് ബിജെപിയിലേക്കും ശിവസേനയിലേക്കും എത്തിയിരുന്നത്. പ്രതിപക്ഷത്ത് ഇരിക്കാനാണ് തങ്ങളോട് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് അത് അംഗീകരിക്കുന്നതായും ശരദ് പവാര്‍ പറഞ്ഞു. 

ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്- എന്‍സിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന ഊഹാപോഹങ്ങളെയും ശരദ് പവാര്‍ തള്ളി. അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാനല്ല പ്രതിപക്ഷത്ത് ഇരിക്കാനാണ് തീരുമാനമെന്ന് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ വിജയിച്ചെങ്കിലും അധികാരം നിലനിര്‍ത്താനുള്ള സീറ്റുകള്‍ നേടാന്‍ മാത്രമാണ് സഖ്യത്തിന് കഴിഞ്ഞതെന്നത് എന്‍ഡിഎയ്ക്ക് ഏറ്റ തിരിച്ചടി വ്യക്തമാക്കുന്നതാണ്.

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വലിയ തോല്‍വി പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലെ പ്രമുഖരെല്ലാം വിജയിച്ചു. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച്  എന്‍സിപിക്ക് സീറ്റ് ഉയര്‍ത്താനായെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ സഖ്യത്തെ നയിച്ച ശരത് പവാറിന്‍റെ വലിയ വിജയമായിട്ട് കൂടി തെരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടതുണ്ട്. കഴിഞ്ഞതവണ പ്രതിപക്ഷ സഖ്യം 83 സീറ്റ് നേടിയെങ്കില്‍ ഇത്തവണ അത് 100 ലേക്ക് അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 

Read More: മഹാരാഷ്ട്രയില്‍ ബിജെപിക്ക് നിറം മങ്ങിയ ജയം; അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി കോണ്‍ഗ്രസ് സഖ്യം...