Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ ബിജെപിക്ക് നിറം മങ്ങിയ ജയം; അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി കോണ്‍ഗ്രസ് സഖ്യം

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വലിയ തോല്‍വി പ്രവചിച്ചപ്പോള്‍  കോണ്‍ഗ്രസ് എന്‍സിപി സഖ്യം അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കി. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലെ പ്രമുഖരെല്ലാം വിജയിച്ചു. 

bjp won in Maharashtra
Author
mumbai, First Published Oct 24, 2019, 12:48 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ 2014 ലെ മിന്നുന്ന വിജയത്തിന്‍റെ തിളക്കം ഇത്തവണയില്ല. മഹാരാഷ്ട്രയില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍  ശരിവെക്കുന്നതാണ് ഫലമെങ്കിലും ബിജെപിയുടെ വിജയത്തിന്‍റെ മാറ്റ് കാര്യമായി തന്നെ കുറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ സഖ്യം 157 സീറ്റുകളാണ് നിലവില്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷ വിഫലമായെന്ന് പുറത്തുവരുന്ന ഫലം വ്യക്തമാക്കിയിരിക്കുകയാണ്. 

കൊങ്കണ്‍ മേഖലയിലും പശ്ചിമ മഹാരാഷ്ട്രയിലും ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി മന്ത്രി പങ്കജ മുണ്ടെ പർളി മണ്ഡലത്തിൽ തോറ്റു. നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ ജയിച്ചെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തന്നെ കാര്യങ്ങള്‍ നിയന്ത്രിച്ച  ദേവേന്ദ്ര ഫഡ്നാവിസിന് ഏറ്റ തിരിച്ചടിയായിട്ട് വേണം ഇത്തവണത്തെ ഫലത്തെ വിലയിരുത്താന്‍. മഹാരാഷ്ട്ര ഒട്ടാകെ പ്രചാരണത്തിന് ഫഡ്‍നാവിസാണ് ചുക്കാന്‍ പിടിച്ചിരുന്നത്. മുതിര്‍ന്ന സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ് തന്‍റെ അടുപ്പക്കാര്‍ക്ക് ഫഡ്‍നാവിസ് സീറ്റ് നല്‍കിയത് ആക്ഷേപം ഉയര്‍ത്തിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ പങ്കജ് മുണ്ട പരാജയപ്പെട്ടു. അതേസമയം ശിവസേന അവരുടെ സീറ്റ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ശിവസേനയെ സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് തഴയാന്‍ ആവില്ലെന്നത് വ്യക്തമായിരിക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുടെ പങ്ക് നിര്‍ണ്ണായകവുമാണ്. 

മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുന്നത് ബിജെപി - സേനാ സര്‍ക്കാരായിരുക്കുമെന്നും അധികാരം പകുതി പകുതിയായി പങ്കിടണമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തെ നയിച്ച ശരത് പവാറിന്‍റെ വലിയ വിജയമായിട്ട് കൂടി തെരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടതുണ്ട്. കഴിഞ്ഞതവണ പ്രതിപക്ഷ സഖ്യം 83 സീറ്റ് നേടിയെങ്കില്‍ ഇത്തവണ അത് 100 ലേക്ക് അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വലിയ തോല്‍വി പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലെ പ്രമുഖരെല്ലാം വിജയിച്ചു. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച്  എന്‍സിപിക്ക് സീറ്റ് ഉയര്‍ത്താനായെന്നത് ശ്രദ്ധേയമാണ്. 

ബിജെപി വീണ്ടും ഭരണത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളും ഭരണ വിരുദ്ധ വികാരമില്ലെന്നതിനാലും വീണ്ടും വിജയത്തിലെത്താമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ബിജെപി. എന്‍സിപിയിലെ നിരവധി നേതാക്കളെ ബിജെപി സ്വന്തമാക്കിയെങ്കിലും കഷ്ടിച്ച വിജയം മാത്രമെന്നത് ബിജെപിക്ക് ഏറ്റ വലിയ തിരിച്ചടി തന്നെയാണ്. 150 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന 126 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്. 101 സീറ്റുകളില്‍ ബിജെപിയും 56 സീറ്റുകളില്‍ ശിവസേനയുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 45 സീറ്റുകളും ശരദ് പവാറിന്‍റെ എന്‍സിപി 54 സീറ്റുകളും സ്വന്തമാക്കിയിരിക്കുകയാണ്. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്  145 സീറ്റുകളാണ് വേണ്ടത്. 2014 ല്‍ 185 സീറ്റുകള്‍ നേടിയാണ് മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തിലെത്തിയത്. 122 സീറ്റുകള്‍ ബിജെപിയും 63 സീറ്റുകള്‍ ശിവസേനയും 2014 ല്‍ നേടിയിരുന്നു.

ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 166 മുതൽ 194 വരെയാണ് നല്‍കിയിരുന്നത്. സർക്കാർ രൂപീകരണത്തിൽ ശിവസേനയുടെ സമ്മർദ്ദം ബിജെപി നേരിടേണ്ടി വരുമെന്ന സൂചനയും സര്‍വ്വേ ഫലം പുറത്തുവിട്ടിരുന്നു. കോൺഗ്രസ്-എൻസിപി സഖ്യം 72 മുതൽ 90 വരെ നേടുമെന്നുമായിരുന്നു സര്‍വ്വേ ഫലം. എന്നാൽ മറ്റെല്ലാ സർവ്വേകളും ബിജെപി ഒറ്റയ്ക്ക് മാന്ത്രികസംഖ്യക്ക് അടുത്തെത്തിയേക്കും എന്ന സൂചനയായിരുന്നു നല്‍കിയിരുന്നത്.

Follow Us:
Download App:
  • android
  • ios