പാർട്ടിക്ക് വിഎസ് 'താര'മല്ല; സിപിഎം താര പ്രചാരകരുടെ പട്ടികയിൽ നിന്ന് വിഎസ് പുറത്ത്

By Web TeamFirst Published Apr 9, 2019, 6:46 AM IST
Highlights

സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരകരുടെ പട്ടികയിൽ വിഎസ് അച്യുതാനന്ദന്‍റെ പേരില്ല.

തിരുവനന്തപുരം: സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പാര്‍ട്ടി, വി എസ് അച്യുതാനന്ദന്‍റെ പേര് നീക്കം ചെയ്തു. എന്നാല്‍ അണികളെ ആവേശക്കടലിലാഴ്ത്താന്‍ ഇന്നും വി എസ് അച്യുതാനന്ദന്‍ തന്നെ വേണം. മറ്റ് നേതാക്കളുടെ പ്രസംഗങ്ങളെക്കാള്‍ അണികളില്‍ ആവേശം നിറയ്ക്കാന്‍ വി എസിന്‍റെ വാക്കുകള്‍ തന്നെ വേണം.  

മാർച്ച് 26 ന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ ആകെ 40 പേരാണ് ഉള്ളത്. പിണറായിയ്ക്കും കോടിയേരിക്കും പുറമെ സംസ്ഥാനത്ത് നിന്നും എ വിജയരാഘവനും തോമസ് ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ പട്ടികയിൽ ഇടം പിടിച്ചപ്പോൾ വിഎസ് മാത്രം പുറത്തായി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ വി എസ്സ് ആയിരുന്നു പാർട്ടിയുടെ പ്രധാന താരം. പ്രായാധിക്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന വി എസിനെ കുറിച്ച് അന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് താര പദവി നല്‍കാത്തതിന് പാർട്ടി ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല. 

ഇത്തവണ വി എസിന്‍റെ ഫോട്ടോ ഇല്ലാതെയാണ് എൽഡിഎഫിന്‍റെ ഔദ്യോഗിക പോസ്റ്ററുകൾ ആദ്യം ഇറങ്ങിയത്. വോട്ടഭ്യർത്ഥിച്ചുള്ള പോസ്റ്ററിൽ പിണറായിയും കോടിയേരിയും മാത്രമായിരുന്നു. താരപ്പട്ടികയ്ക്ക് പുറത്താണ് സ്ഥാനമെങ്കിലും വി എസ്സിനെ മണ്ഡലത്തിലെത്തിക്കാൻ സ്ഥാനാർത്ഥികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 20 മണ്ഡലങ്ങുള്ളതില്‍ 12 ഇടത്തെ പ്രചാരണത്തിൽ പങ്കെടുക്കാനാണ് വി എസ് ഇതുവരെ സമ്മതിച്ചത്.

click me!