പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല, ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി

By Web TeamFirst Published Apr 8, 2019, 5:15 PM IST
Highlights

ശബരിമലയെന്നത് ഒരു സ്ഥലപ്പേര് മാത്രമാണ്. അയ്യൻ എന്നാണ് പറഞ്ഞത്, അയ്യപ്പൻ എന്നല്ല. ശബരിമല ക്ഷേത്രം എന്ന് പറഞ്ഞിട്ടില്ല - എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. 

തൃശൂര്‍: അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കളക്ടറുടെ നോട്ടീസില്‍ വിശദീകരണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജാതിയോ മതമോ ദൈവത്തിന്‍റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയെന്നത് ഒരു സ്ഥലപ്പേര് മാത്രമാണ്. അയ്യൻ എന്നാണ് പറഞ്ഞത്, അയ്യപ്പൻ എന്നല്ല. ശബരിമല ക്ഷേത്രം എന്ന് പറഞ്ഞിട്ടില്ല - എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. 

മതചിഹ്നങ്ങൾ ഉപയോഗിച്ചിട്ടില്ല. സമുദായ - മത സ്പർദ്ധ ഉണ്ടാക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. വിശദമായ വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം വേണമെന്നും ഇതിനായി പ്രസംഗത്തിന്‍റെ സി ഡിയുടെ കോപ്പി തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെര‌ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് തൃശൂര്‍ കലക്ടര്‍ ടി വി അനുപമ നോട്ടീസ് അയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. 

48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു ഏപ്രിൽ 6-ന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. 

click me!