തേജസ്വി സൂര്യ ബെംഗളൂരു സൗത്തിൽ സ്ഥാനാര്‍ത്ഥി; ബിജെപിയില്‍ പ്രതിഷേധം

Published : Mar 27, 2019, 07:46 AM IST
തേജസ്വി സൂര്യ ബെംഗളൂരു സൗത്തിൽ സ്ഥാനാര്‍ത്ഥി; ബിജെപിയില്‍ പ്രതിഷേധം

Synopsis

യെദ്യൂരപ്പ തേജസ്വിനിയെ നിർദേശിച്ചെങ്കിലും ആർഎസ്എസിന്‍റെ താത്പര്യമാണ് തേജസ്വിയെ തുണച്ചത്

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ ഭാര്യയെ ഒഴിവാക്കി യുവമോർച്ച നേതാവ് തേജസ്വി സൂര്യയെ ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ കർണാടക ബിജെപിയിൽ അമർഷം. തേജസ്വിനി അനന്ത് കുമാറിനെ തഴ‍ഞ്ഞതിനെതിരെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി. മുതിർന്ന നേതാക്കൾ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ടുനിന്നു.

അനന്ത് കുമാർ ആറ് തവണ എംപിയായ ബെംഗളൂരു സൗത്തിൽ നാടകീയതകൾക്കൊടുവിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. അനന്ത് കുമാറിന്‍റെ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ തേജസ്വിനിയുടെ പേരായിരുന്നു സജീവ പരിഗണനയിൽ.യെദ്യൂരപ്പ ഉൾപ്പെടെയുളളവരുടെ പിന്തുണയോടെ തേജസ്വിനി പ്രചാരണവും തുടങ്ങി. എന്നാൽ കർണാടകത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ ബിജെപി ദേശീയ നേതൃത്വം ബെംഗളൂരു സൗത്ത് ഒഴിച്ചിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്നും അത് ബെംഗളൂരു സൗത്തിൽ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ വന്നു. 

എന്നാൽ നാമനിർദേശ പത്രിക നൽകാനുളള അവസാന ദിനം തേജസ്വിനിയെ വെട്ടി യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയെ പാർട്ടി സ്ഥാനാർത്ഥിയാക്കി. തേജസ്വിനിയെ ഒഴിവാക്കിയതിനെതിരെ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.അനന്ത് കുമാറിന്‍റെ വീടിന് മുന്നിൽ തേജസ്വി സൂര്യക്കെതിരെ മുദ്രാവാക്യം വിളികൾ.
പത്രിക സമർപ്പണത്തിന് മുൻ ഉപമുഖ്യമന്ത്രി ആർ അശോക ഉൾപ്പെടെ മണ്ഡലത്തിലെ മുതിർന്ന ബിജെപി എംഎൽഎമാർ എത്തിയില്ല.

യെദ്യൂരപ്പ തേജസ്വിനിയെ നിർദേശിച്ചെങ്കിലും ആർഎസ്എസിന്‍റെ താത്പര്യമാണ് തേജസ്വിയെ തുണച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും യെദ്യൂരപ്പയുടെ അടുപ്പക്കാർക്ക് ദേശീയ നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. അതേ സമയം കോൺഗ്രസിലെയും ജെഡിഎസിലെയും കുടുംബ വാഴ്ചക്കെതിരെ പ്രചാരണം നടത്താൻ തേജസ്വിനിയുടെ സ്ഥാനാർത്ഥിത്വം തടസ്സാകുമെന്നും അതുകൊണ്ട് ഒഴിവാക്കിയെന്നും ചില നേതാക്കൾ വാദിക്കുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?