വളരാനായി വീണ്ടും പിളരുമോയെന്ന ആശങ്ക ഉയര്‍ന്ന കാലം; ജോസഫ് ഉയര്‍ത്തിയ കലാപത്തിലും കുലുങ്ങാതെ ചാഴിക്കാടന്‍

By Web TeamFirst Published May 23, 2019, 9:43 PM IST
Highlights

സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സര രംഗത്തിറങ്ങുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച ജോസഫിന്‍റെ ആവശ്യത്തെ മാണി വിഭാഗം അംഗീകരിച്ചില്ല.

കോട്ടയം: തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒട്ടേറെ സസ്പെന്‍സുകള്‍ കരുതി വച്ച മണ്ഡലമാണ് കോട്ടയം. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ പക്ഷേ ജനഹിതത്തില്‍ പ്രതിഫലിച്ചില്ല. കോട്ടയത്തിനായി മാണി സാര്‍ കണ്ടെത്തിയ തോമസ് ചാഴിക്കാടന്‍ ഒടുവില്‍ പ്രതിസന്ധികളയും വിവാദങ്ങളെയും ബഹുദൂരം പിന്നിലാക്കി വിജയക്കൊടി പാറിച്ചു. പിളരുന്തോറും വളരുന്ന കേരള കോണ്‍ഗ്രസ് പിറവി കൊണ്ട നാള്‍ മുതല്‍ പിളര്‍ന്നത് പത്ത് തവണയാണ്. 

1964 ഒക്ടോബ‍ർ 9 ന് കേരള കോൺഗ്രസ് രൂപീകരിച്ചതിന് ശേഷമുള്ള പിളര്‍പ്പുകളുടെ നാള്‍വഴികള്‍...

  • 1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു
  • 1979 രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി.
  • 1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്‍റെ ഭാഗമായി
  • 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫില്‍
  • 1987 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ
  • 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു.
  • 1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്‍റെ ഭാഗമായി
  • 2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എന്‍ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്
  • 2004 എന്‍ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകന്‍ ജോസ് കെ മാണിയെ തോൽപിച്ചു
  • 2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു
  • പിന്നീടുള്ള വർഷങ്ങളിൽ പിളർന്നവരെല്ലാം ലയിക്കുന്ന കാഴ്ചയുടെ രാഷ്ട്രീയ കേരളത്തില്‍ ദൃശ്യമായി
  • 2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി
  • 2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല
  • 2009 പി സി ജോർജിന്‍റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി
  • 2010 ജോസഫ് - മാണി ലയനം. എല്‍ഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്‍റെ ഭാഗമായി
  • 2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

വീണ്ടും പിളര്‍പ്പ് കാലം

  • 2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പും പൂർത്തിയായി
  • 2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി
  • 2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും. അങ്ങനെ പത്താമത്തെ പിളർപ്പും പൂര്‍ത്തിയായി 

 

ഈ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടലെടുത്ത തര്‍ക്കം കെ എം മാണിയെയും പി ജെ ജോസഫിനെയും പിളര്‍പ്പിന്‍റെ വക്കിലെത്തിച്ചു. കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം കെ എം മാണി ഉയര്‍ത്തിയിരുന്നു. ഇടുക്കിയോ ചാലക്കുടിയോ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ആകെ ലഭിച്ച കോട്ടയം സീറ്റില്‍  സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സര രംഗത്തിറങ്ങുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച ജോസഫിന്‍റെ ആവശ്യത്തെ മാണി വിഭാഗം തള്ളി. ജോസഫ് പക്ഷത്ത് നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പ്രതിഷേധമറിയിച്ച് ജോസഫ് ജോസ് കെ മാണിയുടെ കേരളയാത്ര ബഹിഷ്കരിച്ചു. 

വിവാദങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും ശേഷം കെ എം മാണി തന്നെ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും ജോസഫ് നീരസം പ്രകടിപ്പിച്ചു. ഒടുവില്‍ മാണി തന്നെ ഇടപെട്ടാണ് പി ജെ ജോസഫിനെ അനുനയിപ്പിച്ചത്. എന്നാല്‍ ഇത്തരം പിളര്‍പ്പും പിണക്കങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് തോമസ് ചാഴിക്കാടന്‍റെ വിജയം. 10,6259 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫിന്‍റെ വി എന്‍ വാസവനെ തോല്‍പ്പിച്ചത്. 

click me!