മോദി ചിത്രം വെറും തമാശ, 56 ഇഞ്ച് നെഞ്ചളവ് പറയാന്‍ മാത്രമേ മോദിക്കറിയു: ഊർമ്മിള മഡോദ്കർ

By Web TeamFirst Published Apr 19, 2019, 1:15 PM IST
Highlights

പൂർത്തിയാക്കാത്ത വാ​ഗ്ദാനങ്ങളുടെ പേരിൽ ഒരു കോമഡി ചിത്രമെടുക്കുകയായിരുന്നു വേണ്ടെതെന്നും താരം കൂട്ടിച്ചേർത്തു. പിഎം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന മോദിയുടെ ബയോപിക് ഏപ്രിൽ 11ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു.

ദില്ലി: പ്രധാനമന്ത്രി മോദിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ സിനിമ വെറും തമാശയെന്ന് ബോളിവുഡ് നടി ഊർമ്മിള മഡോൻകർ. ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിക്കാൻ സാധിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും താരം കുറ്റപ്പെടുത്തി. മുംബൈ നോർത്തിൽ നിന്ന് കോൺ​ഗ്രസ് സീറ്റിൽ പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ഊർമ്മിള. ''ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മോദിയെക്കുറിച്ചുള്ള ആ സിനിമയിൽ ഒന്നുമില്ല. വെറും തമാശയായിട്ടാണ് തോന്നുന്നത്. അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് എന്ന് പറയാനല്ലാതെ, നല്ല പ്രവർത്തനങ്ങൾ നടത്തുന്നതിൽ അദ്ദേഹം ഒരു പരാജയമാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വ സ്വഭാവത്തെയും മോശമാക്കുകയാണ് ആ സിനിമ ചെയ്തിരിക്കുന്നത്.'' മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഊർമ്മിള പറഞ്ഞു.   

പൂർത്തിയാക്കാത്ത വാ​ഗ്ദാനങ്ങളുടെ പേരിൽ ഒരു കോമഡി ചിത്രമെടുക്കുകയായിരുന്നു വേണ്ടെതെന്നും താരം കൂട്ടിച്ചേർത്തു. പിഎം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന മോദിയുടെ ബയോപിക് ഏപ്രിൽ 11ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വിവേക് ഒബ്റോയ് ആണ് മോദിയായി വേഷമിടുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു

ഒരു ജനാധിപത്യ രാജ്യത്ത് അഞ്ച് വർഷം ഭരിച്ചിട്ടും ഒരു വാർത്താ സമ്മേളനം പോലും നടത്താൻ പ്രധാനമന്ത്രി തയ്യാറാകാത്തത് വളരെ മോശം നിലപാടാണെന്നും ഊർമ്മിള വിമർശിച്ചു. ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ ​ഗോപാൽ ഷെട്ടിക്കെതിരെയാണ് ഊർമ്മിള മുംബൈ നോർത്തിൽ നിന്നും മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഈ മണ്ഡ‍ലത്തിൽ യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്താൻ ​ഗോപാൽ ഷെട്ടിക്ക് സാധിച്ചിട്ടില്ലെന്നും ഊർമ്മിള വ്യക്തമാക്കി. 

സമൂഹമാധ്യമങ്ങളിലും അല്ലാതെയും നിരവധി ആക്ഷേപങ്ങളും ട്രോളുകളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇവയൊക്കെ തന്നെ ശക്തിപ്പെടുത്തുന്നു എന്നാണ് ഇവരുടെ പ്രതികരണം. താരപ്രഭാവം വിജയത്തെ സഹായിക്കുന്ന ഘടകമാകുമോ എന്ന ചോദ്യത്തിന്  ജനങ്ങളാണ് യഥാർത്ഥ താരങ്ങളെന്നും അവരാണ് തന്റെ വിധി തീരുമാനിക്കുന്നതെന്നും ഊർമ്മിള മഡോദ്കർ വ്യക്തമാക്കി. ഏപ്രിൽ 29 നാണ് മുംബൈയിൽ തെരഞ്ഞെടുപ്പ്.                                                                                                                                                                                                                           
 

click me!