പരസ്പരം മണ്ഡലം മാറ്റി അമ്മയും മകനും; ഇത്തവണ വരുൺ ​ഗാന്ധി ബിജെപി ടിക്കറ്റിൽ തന്നെ മത്സരിക്കും

By Web TeamFirst Published Mar 26, 2019, 11:06 PM IST
Highlights

കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മനേകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിലും വരുൺ ​ഗാന്ധി ഉത്തർപ്ര​ദേശിലെ പിലിഭിത്തിലും മത്സരിക്കും. 
 

ദില്ലി∙ ലോക്സഭാ തെരഞ്ഞെടുപ്പിൽ വരുൺ ഗാന്ധി ബിജെപി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കും. കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുക. ചൊവ്വാഴ്ച വൈകിട്ട് ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ വരുണിന്റെ പേര് ഉൾപ്പെട്ടിരുന്നു.

അതേസമയം, മനേകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിലാണ് മത്സരിക്കുക. ഇത്തവണ മണ്ഡലങ്ങൾ പരസ്പരം മാറ്റിയത് മനേകാ ഗാന്ധിയുടെ ആശയമാണെന്നാണ് റിപ്പോർട്ട്. പിലിഭിത്തിൽ നിന്നും മത്സരിക്കുന്ന കാര്യം വ്യക്തമാക്കി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് കുടുംബപരമായ ബന്ധമുള്ള പിലിഭിത്തിലേക്ക് മടങ്ങാൻ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും വരുൺ കുറിച്ചു.  പ്രധാനമന്ത്രി ന​രേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞാണ് വരുണിന്റെ ട്വീറ്റ്.  

ഇത്തവണ വരുൺ ഗാന്ധി സുല്‍ത്താൻപൂരിൽ വിജയിക്കുമെന്ന് ബിജെപിയ്ക്ക് ഉറപ്പില്ല. അതുകൊണ്ടാണ് സുൽത്താൻപുരിൽ നിന്ന് വരുണിനെ മാറ്റിയതെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014-ലെ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിം​ഗിനെ പരാജയപ്പെടുത്തിയിരുന്നു. 
 

click me!