മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വെബ്കാസ്റ്റിങ് ഉണ്ടാകുമെന്ന് ടിക്കാറാം മീണ

By Web TeamFirst Published Oct 2, 2019, 5:28 PM IST
Highlights

മഞ്ചേശ്വരത്ത് 101 പ്രശ്നസാധ്യത ബൂത്തുകളുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. പ്രശ്നസാധ്യത ബൂത്തുകളില്‍ കുറഞ്ഞത് 10 ശതമാനത്തിലെങ്കിലും വെബ്കാസ്റ്റിംഗ് നടത്തും. 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ പ്രശ്നസാധ്യത ബൂത്തുകളില്‍ വെബ്കാസറ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പിലെ സുതാര്യതയും വിശ്വസനീയതയും ഉറപ്പാക്കനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്ത് 101 പ്രശ്നസാധ്യത ബൂത്തുകളുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. അന്തിമ കണക്കായിട്ടില്ല. ഇതില്‍ ഭൂരിഭാഗവും കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. പ്രശ്നസാധ്യത ബൂത്തുകളില്‍ കുറഞ്ഞത് 10 ശതമാനത്തിലെങ്കിലും വെബ്കാസ്റ്റിംഗ് നടത്തും. കള്ളവോട്ട് തടയാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും വോട്ടെടുപ്പില്‍ വിശ്വാസ്യത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്തെത്തിയ ടിക്കാറാം മീണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്‍റെ പേരില്‍ കേസെടുത്തിരുന്നു. കാസർകോട് ചീമേനിയിലാണ് കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകൻ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂരിലും കാസർകോടുമാണ് വ്യാപകമായി കള്ളവോട്ട് ആരോപണം ഉയർന്നത്. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് നടത്തിയിരുന്നു.

Read More: കാസർകോട്ടെ കള്ളവോട്ട്; സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു

കാസർകോട് കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിങ് നടത്തിയത്. ഇതുകൂടാതെ 2016-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാൽ മുഴുവന്‍ പേരെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറിയിരുന്നു. തുടർന്ന് ഈ വർഷം ജൂലായില്‍ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.

Read More: കോടതിച്ചെലവ് വേണ്ടെന്ന് എതിര്‍കക്ഷി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു

മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെര‍ഞ്ഞെടുപ്പിൽ എം സി ഖമറുദ്ദീൻ (ഐയുഎംഎൽ), രവിശ തന്ത്രി (ബിജെപി) എം ശങ്കർറൈ (സിപിഎം) ബി ഗോവിന്ദൻ (അംബേദ്ക്കർ പാർട്ടി ഓഫ് ഇന്ത്യ –എപി ഐ), കെ അബ്ദുല്ല, എം സി ഖമറുദ്ദീൻ, ഐ ജോൺ ഡിസൂസ, ബി രാജേഷ് (സ്വതന്ത്രൻ) എന്നിങ്ങനെ എട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആകെ 214810 വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. ഇതിൽ 107879 പുരുഷൻമാരും 106931 വോട്ടർമാർ സ്ത്രീകളുമാണ്. 23 സ്ത്രീകൾ ഉൾപ്പെടെ 649 പ്രവാസി വോട്ടർമാരുണ്ട്. 31 സർവീസ് വോട്ടർമാരിൽ സ്ത്രീകൾ മൂന്നു പേരാണ്.109 കേന്ദ്രങ്ങളിലായി 198 പോളിങ് സ്റ്റേഷനുകളാണുള്ളത്. 
  

click me!