വസ്ത്രം മാറ്റി മൃതദേഹം തിരിച്ചറിയുന്നത് ലോകമെങ്ങുമുള്ള രീതിയെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ

By Web TeamFirst Published Apr 17, 2019, 10:18 PM IST
Highlights

മൃതദേഹം തിരിച്ചറിയാൻ വസ്ത്രം മാറ്റി നോക്കുന്നത് ലോകമെമ്പാടും സ്വീകരിക്കുന്ന രീതിയാണ്. പാകിസ്ഥാൻ തീവ്രവാദികളെപ്പറ്റി പറയുമ്പോൾ സിപിഎമ്മിനും കോൺഗ്രസിനും നോവുന്നത് എന്തിനാണെന്നും സന്ദീപ് വാര്യർ.

തിരുവനന്തപുരം: മരണം നടന്നാൽ ശവശരീരം തിരിച്ചറിയാൻ വസ്ത്രം മാറ്റി നോക്കുന്നത് ലോകമെമ്പാടും സ്വീകരിക്കുന്ന രീതിയാണെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ വർഗ്ഗീയ പരാമർശത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിക്ക് ശുപാർശ ചെയ്ത വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.

'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം. പാകിസ്ഥാൻ തീവ്രവാദികളെപ്പറ്റി പറയുമ്പോൾ സിപിഎമ്മിനും കോൺഗ്രസിനും നോവുന്നത് എന്തിനാണെന്നും സന്ദീപ് വാര്യർ ചോദിച്ചു. ശ്രീധരൻ പിള്ള സ്വപ്നത്തിൽ പോലും വർഗ്ഗീയമായി ചിന്തിക്കില്ലെന്നും പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെയും യുവമോർച്ച നേതാവ് വിമർശനം ഉന്നയിച്ചു. സിപിഎം ശ്രീധരൻ പിള്ളയ്ക്കെതിരെ പരാതി നൽകിയില്ലെങ്കിൽ അങ്ങോട്ട് വിളിച്ച് പരാതി ആവശ്യപ്പെടുന്ന ആളാണ് ടിക്കാറാം മീണ എന്നായിരുന്നു സന്ദീപ് വാര്യരുടെ വിമർശനം. 'എന്‍റെ തല, എന്‍റെ ഫുൾ ഫിഗർ' എന്നതാണ് ടിക്കാറാം മീണയുടെ മനോഭാവമെന്നും അദ്ദേഹം ആളാകാൻ നോക്കുകയാണെന്നും സന്ദീപ് പറഞ്ഞു. ശ്രീധരൻ പിള്ള നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടാൽ അദ്ദേഹം വിശദീകരണം നൽകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ജനപ്രാധിനിധ്യ നിയമത്തിന്‍റെ 123, 125 വകുപ്പുകൾ പ്രകാരം ശ്രീധരൻ പിള്ളക്കെതിരെ നടപടി എടുക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകിയത്. വർഗ്ഗീയ പരാമർശത്തിന്‍റെ പേരിൽ  ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. ശ്രീധരൻ പിള്ളയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

വീഡിയോ കാണാം

"

click me!