
ദില്ലി: വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അമിതമായി ഈടാക്കരുതെന്നുമുള്ള സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ടാണ് പുതിയ നിരക്കുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ നിരക്കുകൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും എയർ ഇന്ത്യ എക്സ്പ്രസ് പൂർത്തിയാക്കിയെങ്കിലും എയർ ഇന്ത്യയുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിഷ വരാൻ കുറച്ച് സമയമെടുക്കുമെന്നണ് സൂചന
കഴിഞ്ഞ ആറ് ദിവസമായി, പുതിയ ക്രൂ-റോസ്റ്ററിംഗ് നിയമങ്ങൾ, പരിമിതമായ ജീവനക്കാരുടെ ലഭ്യത, സിസ്റ്റം പ്രശ്നങ്ങൾ എന്നിവ കാരണം ഇൻഡിഗോയുടെ പ്രവർത്തനത്തിൽ കാര്യമായ തടസ്സം നേരിട്ടു. ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കൻ തുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. ഈ സമയത്ത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സപ്രസ്, ആകാശ എയർ, സ്പെെയ്സ് ജെറ്റ് എന്നിവ നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നിരുന്നു. പ്രതിസന്ധി പൂർണമായി അവസാനിക്കാത്തതിനാൽ ടിക്കറ്റ് നിരക്കുകളിൽ ഇനിയും വർദ്ധവനവുണ്ടായാൽ അത് പല സ്ഥലങ്ങളിലും യാത്ര ചെയ്യാനാകാതെ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തിയേക്കും. അടിയന്തരമായി യാത്ര ചെയ്യേണ്ടവർ നാലും അഞ്ചും ഇരട്ടി തുക നൽകേണ്ടി വന്നു. മറ്റ് മാർഗമില്ലാത്തവർ യാത്ര റദ്ദാക്കി. മത്സരിക്കാൻ കൂടുതൽ വിമാനക്കമ്പനികൾ ഇല്ലാത്ത വിപണിയിൽ യാത്രക്കാർക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. വ്യോമയാന മേഖലയിലെ ഈ പ്രതിസന്ധി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സർക്കാർ ഇടപെടലുകൾ നടത്തിയത്.