യുക്രൈൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിന്റെ വാടക മണിക്കൂറിന് 8 ലക്ഷം രൂപ വരെ

By Web TeamFirst Published Feb 28, 2022, 5:32 PM IST
Highlights

LIC IPO: മണിക്കൂറിന് ഏഴ് മുതൽ എട്ട് ലക്ഷം രൂപ വരെ വാടകയ്ക്കാണ് കേന്ദ്ര സർക്കാറിനുവേണ്ടി എയർഇന്ത്യ സർവീസ് നടത്തുന്നത് എന്നാണ് വിവരം

ദില്ലി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗയ്ക്ക് കേന്ദ്രത്തിന് വേണ്ടി സർവീസ് നടത്തുന്നത് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളാണ്. നേരത്തെ പൊതുമേഖല സ്ഥാപനമായിരുന്ന എയർ ഇന്ത്യയാണ് സങ്കീർണമായ സാഹചര്യങ്ങളിലെല്ലാം ഇന്ത്യക്കാരുടെ രക്ഷയ്ക്കെത്തിയത്. ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ ഇന്ത്യയുടെ ഉടമകൾ.

എങ്കിലും യുദ്ധമുഖത്തു നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിൽ അഭിമാനത്തോടെ എയർഇന്ത്യ പങ്കാളികളായി. മണിക്കൂറിന് ഏഴ് മുതൽ എട്ട് ലക്ഷം രൂപ വരെ വാടകയ്ക്കാണ് കേന്ദ്ര സർക്കാറിനുവേണ്ടി എയർഇന്ത്യ സർവീസ് നടത്തുന്നത് എന്നാണ് വിവരം. ഇരുഭാഗത്തേക്കുമായുള്ള സർവീസ് പൂർത്തിയാകുമ്പോൾ എയർ ഇന്ത്യയ്ക്ക് കേന്ദ്രസർക്കാർ നൽകേണ്ടി വരിക 1.10 കോടി രൂപ വരെ ആയിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹംഗറി, റൊമാനിയ എന്നീ യുക്രൈൻ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രീംലൈനർ എന്നറിയപ്പെടുന്ന ബോയിംഗ് 787 എയർ ഇന്ത്യ വിമാനത്തിൽ ആണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. ഈ വിമാനത്തിനാണ് മണിക്കൂറിൽ 7-8 ലക്ഷം രൂപ വാടകയിനത്തിൽ നൽകുന്നത്. എന്നാൽ ഇതു കൊണ്ടായില്ല. വിമാനത്തിന് ചിലവാകുന്ന ഇന്ധനം, ജീവനക്കാരുടെ ചെലവ്, നാവിഗേഷൻ, ലാൻഡിങ്ങിനും പാർക്കിങ്ങിനും ഉള്ള ചെലവുകൾ എല്ലാം കേന്ദ്ര സർക്കാർ വഹിക്കണം. ദീർഘനേരത്തെ യാത്രയായതിനാൽ രക്ഷാപ്രവർത്തനത്തിന് പോകുന്ന വിമാനത്തിൽ രണ്ട് സെറ്റ് ജീവനക്കാരാണ് ഉണ്ടാവുക.

നിലവിൽ ഹംഗറിയിലെ ബുഡാപെസ്റ്റ്, റൊമാനിയയിലെ ബുച്ചാറെസ്റ്റ് എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നത്. ഈ രണ്ടു വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യയ്ക്ക് നിലവിൽ സർവീസുകൾ ഇല്ല. ആറു മണിക്കൂറോളം സമയമെടുത്താണ് മലയാളികളടക്കം ഇന്ത്യക്കാരെ എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലും മുംബൈയിലും എത്തിച്ചത്. വാടകയിനത്തിൽ നൽകുന്ന 8 ലക്ഷം രൂപ കണക്കാക്കി യാത്രയ്ക്ക് എടുത്ത മണിക്കൂറുകളുമായി കൂട്ടിച്ചേർത്ത് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ഏകദേശ കണക്കിലാണ് രക്ഷാപ്രവർത്തനത്തിന് ഉള്ള ഒരു സർവീസിന് മാത്രം ഒരു കോടിയിലേറെ രൂപ രാജ്യത്തിന് ചെലവാകുമെന്ന് കണക്കാക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ ചെലവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഇന്ത്യക്കാർക്ക് യുക്രൈനിൽ നിന്നും സൗജന്യമായി സ്വന്തം വീട്ടിൽ എത്തിച്ചേരാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.

click me!