എയർ ഇന്ത്യ ജീവനക്കാർ സന്തോഷത്തിൽ; ടാറ്റായുടെ ഈ തീരുമാനം സൂപ്പർ

By Web TeamFirst Published Aug 26, 2022, 4:12 PM IST
Highlights

എയർ ഇന്ത്യ ജീവനക്കാർക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ന് ടാറ്റ ഗ്രൂപ് പങ്കുവെച്ചത്. സെപ്തംബർ 1 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും 
 

ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ  എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു. കൊവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബർ 1 മുതൽ  പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. 

രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയർ ഇന്ത്യയെ  ആറുമാസം മുൻപാണ്  ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75  ശതമാനം ശമ്പളം ഇതിനു മുൻപ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചർച്ചയിൽ  2022 സെപ്റ്റംബർ 1 മുതൽ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

Read Also: ഇലോണും ജെന്നിഫറും ഒരു പ്രണയകാലത്ത്; ശതകോടീശ്വരന്‍റെ പ്രണയകാല ചിത്രങ്ങള്‍ ലേലത്തിന്

സ്വകാര്യ വത്കരണം നടന്നെങ്കിലും എയർ ഇന്ത്യ പഴയ പ്രതാപം വീണ്ടെടുത്തിട്ടില്ല. കോവിഡ് മഹാമാരി  എയർലൈൻ വ്യവസായത്തെ സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ  ശമ്പളം കുറയ്ക്കൽ ഉൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികളിലേക്ക് എയർലൈൻ നീങ്ങി. 

എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. എന്നാൽ  അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ്  വിരമിക്കാനൊരുങ്ങുന്നത്. 

കൂടുതൽ വളർച്ച ഈ വർഷം ലക്ഷ്യമിടുന്ന എയർ ഇന്ത്യ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലേക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. പുതിയ വിമാനങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്. 300 ചെറിയ ജെറ്റുകൾ ആണ് എയർ ഇന്ത്യ വാങ്ങാൻ പദ്ധതി ഇടുന്നത്. 

Read Also: തട്ടിപ്പ് വേണ്ട, കൃത്യമായ അളവ് രേഖപ്പെടുത്തണം; ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്രം

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

click me!