പൊതുമേഖല സ്ഥാപനമായ കാപ്പക്സിൽ കോടികളുടെ അഴിമതിയെന്ന് റിപ്പോർട്ട്: എം.ഡി രാജേഷിനെതിരെ ഗുരുതര ആരോപണങ്ങൾ

By Asianet MalayalamFirst Published Nov 3, 2021, 1:01 PM IST
Highlights

കേരളത്തിലെ കശുമാവ് കർഷകരിൽ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാൻ 2018-ലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കർഷകരിൽ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ട് വാങ്ങിയെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരം:  കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ (Capex) കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ (audit team of finance department) റിപ്പോർട്ട്. കർഷകരിൽ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച്  വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തൽ. കാപ്പക്സ് എംഡി രാജേഷിനെ മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് സാമ്പത്തിക പരിശോധന വിഭാഗത്തിൻ്റെ ശുപാർശ.

കേരളത്തിലെ കശുമാവ് കർഷകരിൽ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാൻ 2018-ലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കർഷകരിൽ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ട് വാങ്ങിയെന്നാണ് കണ്ടെത്തൽ. 2018ലും 2019 ലും സമാനമായ ക്രമക്കേട് നടത്തിയിട്ടുണ്ട്. 2018ൽ  ഷിബു ടി.സി എന്ന കർഷകനിൽ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നൽകിയത്  തെക്കും മറ്റത്തിൽ എന്ന മറ്റൊരു സ്ഥാപനത്തിനാണ്. 

ഷിബു സംഭരിച്ചെന്ന പേരിൽ നൽകിയത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ്. ഷിബു വയനാട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ചെയ്തുവെന്ന് ഡയറക്ടർ ബോ‍ർഡിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ രേഖകള്‍ എംഡിയുടെ ഒത്താശയോടെ സമർപ്പിച്ചുവെന്നാണ് ധനവകുപ്പിൻ്റെ റിപ്പോർട്ട്. 2019-ലും കർഷകരിൽ നിന്നും വാങ്ങാതെ മെഹ്ബാബൂ ട്രേഡിംഗ് കമ്പനിയിൽ നിന്നും തോട്ടണ്ടി വാങ്ങി.  രണ്ടു കോടി 9 ലക്ഷം രൂപയ്ക്കായിരുന്നു സംഭരണം. ഇതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന കമ്പനിക്ക് ബാക്കി നൽകാനുള്ള തുക നൽകരുതെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിൻ്റെ ശുപാർശ. 

അനധികൃത ഇടപാടിലൂടെ നഷ്ടമായ തുക എംഡിയിൽ നിന്നും തിരിച്ചുപിടിക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ശുപാ‍ശയുണ്ട്. സാമ്പത്തിക ആരോപണത്തിൽ രാജേഷ് നേരത്തെ സസ്പെൻഷനിലായിരുന്നു. സസ്പെൻഷനിലാകുമ്പോള്‍ പകുതി ശമ്പളം ബത്തയായി നൽകാറുണ്ട്. എന്നാൽ അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് രാജേഷ് മുഴവൻ ശമ്പളവും എഴുതിയെടുത്തു. ഇതുവഴി നഷ്ടം വന്ന ഏഴു ലക്ഷം തിരിച്ചുപിടിക്കണമെന്നും ശുപാർശയുണ്ട്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന അക്കൗണ്ട്സ് ഓഫീസ‍ർ സജീവ് കുമാർ, കോമേഴ്സ്യൽ അസിസ്റ്റൻ് മജ്‍ഞു, കൊമേഷ്സ്യൽ മനേജർ പി.സന്തോഷ് എന്നിവർക്കെതിരേയും വകുപ്പ് തല നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

 എന്നാൽ തനിക്കെതിരായ കണ്ടെത്തലുകളെല്ലാം രാജേഷ് നിഷേധിച്ചു. 2016 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിഎജി ഓഡിറ്റ് ഈ സ്ഥാപനത്തിൽ നടന്നതാണ്. എന്നാൽ യാതൊരു ക്രമക്കേടോ അഴിമതിയോ സി ആൻഡ് എജി റിപ്പോർട്ടിൽ ഇല്ല. ഈ റിപ്പോർട്ട് കേരള നിയമസഭയിൽ വച്ചതുമാണ്. അതിനു ശേഷമാണ് ധനകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് ഇങ്ങനെയൊരു റിപ്പോർട്ടുമായി വന്നത്. ഇതിനെന്താണ് വിശ്വാസ്യത എന്നറിയില്ല. വ്യക്തമായ പകപോകലും ഗൂഢാലോചനയുമാണ് ഇങ്ങനെയൊരു റിപ്പോർട്ടിന് പിന്നിൽ ഇല്ല. 
എനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിൽ സിഎജി റിപ്പോർട്ടിൽ ശുപാർശയില്ല. 

അയത്തിൽ സോമൻ എന്നയാളാണ് എന്നെ വേട്ടയാടുന്നതിന് പിന്നിൽ. എനിക്കെതിരെ പലയിടത്തും ഇയാൾ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ പരാതികളിൽ അന്വേഷണത്തിന് വരുന്നവരെല്ലാം ഇയാളുമായി ബന്ധമുള്ളവരാണ്. ഇവരുടെ പേരുകൾ പറയാൻ ഇപ്പോൾ എനിക്ക് പരിമിതിയുണ്ട്. പ്രാഥമികമായ ഒരു അന്വേഷണ റിപ്പോർട്ടാണ് ഇത്. നമ്മളോട് യാതൊരു വിശദീകരണവും തേടാതെ അവർ നൽകിയ റിപ്പോർട്ട് മാത്രമാണിത്. ആ റിപ്പോർട്ടിൽ തുടർനടപടികൾ പൂർത്തിയാവും മുൻപ് ഇതെങ്ങനെ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയെന്നതിലും വ്യക്തതവേണം. 

click me!