
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയം ഓഹരി വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ വലിയ കുതിപ്പാണ് ദൃശ്യമായത്. പ്രധാനമായും തേയിലക്കമ്പനികള്‍, ടെക്‌സ്‌റ്റൈല്‍സ്, റെയില്‍വേ ഓഹരികള്‍ എന്നിവ നേട്ടമുണ്ടാക്കി. എന്നാല്‍, ആഗോള വിപണിയിലെ ആശങ്കകളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും മൂലം ഇന്ത്യന്‍ സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബംഗാള്‍ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ പ്രിയമേറി. ഇതില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് തേയിലമ്പനികളാണ്.
മക്ലിയോഡ് റസല്‍: ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 59 രൂപയിലെത്തി.
ധുന്‍സേരി ടീ: ഈ ഓഹരി 7.02 ശതമാനം വര്‍ധിച്ച് 156.25 രൂപയായി.
സെന്‍കോ ഗോള്‍ഡ്: സ്വര്‍ണ്ണാഭരണ രംഗത്തെ പ്രമുഖരായ ഇവര്‍ 3.24 ശതമാനം നേട്ടമുണ്ടാക്കി (346.15 രൂപ).
ഐഎഫ്ബി അഗ്രോ: മദ്യവ്യവസായ രംഗത്തെ ഈ കമ്പനിയുടെ ഓഹരികള്‍ 7.7 ശതമാനം കുതിച്ചുയര്‍ന്ന് 1,119.70 രൂപയിലെത്തി.
വെബ്‌സോള്‍ എനര്‍ജി, വിക്രം സോളാര്‍ തുടങ്ങിയ കമ്പനികളും പച്ചതൊട്ടു. എന്നാല്‍, ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഓഹരികളായ സിഇഎസ് സി ), ആര്‍പിഎസ്ജി വെഞ്ചേഴ്സ് എന്നിവയും ബന്ധന്‍ ബാങ്കും ലാഭമെടുപ്പിനെത്തുടര്‍ന്ന് അല്പം താഴോട്ട് പോയി.
ബംഗാളില്‍ ബിജെപി ഭരണത്തിലേറുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുമെന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്നും ബ്രോക്കറേജ് സ്ഥാപനമായ നോമുറ വിലയിരുത്തുന്നു. ഇതോടെ രാഷ്ട്രീയ അനിശ്ചിതത്വം കുറയും. എന്നാല്‍, തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ സൗജന്യങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാനുള്ള സാധ്യതയും നിക്ഷേപകര്‍ ഉറ്റുനോക്കുന്നു.
ബംഗാള്‍ വിജയത്തിന്റെ ആവേശം വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും ആഗോള ഘടകങ്ങള്‍ തിരിച്ചടിയായി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയരുന്നതും നിക്ഷേപകരെ ആശങ്കയിലാക്കി.