പണി തീർന്ന വീട് വാങ്ങണോ, നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? ഏതാണ് മെച്ചം

Published : Nov 23, 2025, 10:58 PM IST
New home

Synopsis

ഉടൻ താമസം തുടങ്ങാൻ കഴിയുന്ന വീടുകളേക്കാൾ വില കുറവായതിനാലാണഅ പലരും നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഒരു വീട് വാങ്ങാനുള്ള തീരുമാനത്തിന് ഒരുപാട് അപകടസാധ്യതകളുണ്ട്.

രു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി പണം സ്വരൂപിച്ച് വീട് വാങ്ങിയിട്ട് അത് പിന്നൊരു തലവേദനയാകുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. വീട് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? പ്രത്യേകിച്ച് നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുമ്പോൾ ചില കാര്യങ്ങൾ അറിയാനുണ്ട്. ഉടൻ താമസം തുടങ്ങാൻ കഴിയുന്ന വീടുകളേക്കാൾ വില കുറവായതിനാലാണഅ പലരും നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഒരു വീട് വാങ്ങാനുള്ള തീരുമാനത്തിന് ഒരുപാട് അപകടസാധ്യതകളുണ്ട്. പറഞ്ഞ സമയത്ത് കൈവശാവകാശം കൈമാറുന്നതിൽ ബിൽഡർ വീഴ്ച വരുത്താനുള്ള സാധ്യതയാണ് ഒന്നാമത്. ഇത് ഏതാനും മാസങ്ങൾ മുതൽ രണ്ടോ മൂന്നോ വർഷം വരെയാകാം. ഉടൻ താമസം തുടങ്ങാൻ കഴിയുന്ന വീടാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, നിർമാതാക്കൾ കാരണമുള്ള കാലതാമസമോ വീഴ്ചയോ ഉണ്ടാകില്ല.

മാത്രമല്ല, കയ്യിൽ ആവശ്യത്തിന് പണമില്ലാത്ത പലരും ഇന്ന് ബിൽഡർമാരാകുന്നതും തിരിച്ചടിയാണ്. മതിയായ സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം കൊണ്ടുമാത്രമല്ല, ചില സന്ദർഭങ്ങളിൽ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ തർക്കങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, എന്ത് കാരണം കൊണ്ടായാലും ഉണ്ടാകുന്ന കാലതാമസം ഉപഭോക്താവിന്റെ ദുരിതവും ചെലവുകളും വർദ്ധിപ്പിക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന ഒരു വീട് തിരഞ്ഞെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്ന ചില ആദായ നികുതി പ്രത്യാഘാതങ്ങളുമുണ്ട്. ഭവന വിലകൾ കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, ഭവനവായ്പയില്ലാതെ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിന് വീട് സ്വന്തമാക്കാൻ പ്രയാസമാണ്. നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്കായി എടുക്കുന്ന ഭവന വായ്പകൾക്ക്, നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പ്രീ-ഇഎംഐ പലിശ ആരംഭിക്കുന്നു. കൈവശാവകാശം വൈകുന്ന ചില കേസുകളിൽ, കൈവശാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇഎംഐ പേയ്മെന്റുകൾ ആരംഭിക്കുകയും ചെയ്യും. നിലവിലുള്ള ആദായ നികുതി വ്യവസ്ഥകൾ അനുസരിച്ച്, ഒരു വീടിനായി എടുത്ത ഭവന വായ്പയുടെ നികുതി ആനുകൂല്യങ്ങൾ, വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കൈവശാവകാശം സ്വന്തമാക്കിയതിന് ശേഷം മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. നിർമ്മാണ കാലയളവിൽ അടച്ച പലിശ, കൈവശാവകാശം ലഭിക്കുന്ന വർഷം മുതൽ ആരംഭിച്ച്, അഞ്ച് തുല്യ തവണകളായി ക്ലെയിം ചെയ്യാമെന്നതും ശ്രദ്ധേയമാണ്.

താമസിക്കുന്ന വീടാണെങ്കിൽ, സെക്ഷൻ 24(ബി) പ്രകാരമുള്ള പലിശ കിഴിവ് (പഴയ നികുതി വ്യവസ്ഥയിൽ) പരമാവധി 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ നികുതി വ്യവസ്ഥയിൽ ഇതിന് ആനുകൂല്യങ്ങളില്ല. അതിനാൽ, നിലവിലെ കാലയളവിലെ പലിശ തന്നെ 2 ലക്ഷം രൂപ കവിയുകയോ അതിന് തുല്യമാകുകയോ ചെയ്താൽ, പ്രീ-ഇഎംഐ പലിശയുടെ ക്ലെയിം ഫലത്തിൽ നഷ്ടപ്പെടും. കൈവശാവകാശം എടുക്കുന്നതിനുമുമ്പ് നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി വിൽക്കുകയാണെങ്കിൽ, ഈ കാലയളവിൽ അടച്ച പലിശയുടെ നികുതി ആനുകൂല്യം പൂർണ്ണമായും നഷ്ടപ്പെടും. മാത്രമല്ല, കൈവശാവകാശം എടുത്ത് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ വീട് വിൽക്കുകയാണെങ്കിൽ, പ്രീ-ഇഎംഐ പലിശയുടെ ഇൻസ്റ്റാൾമെന്റുകളുടെ ക്ലെയിം നഷ്ടമാകും.

കൂടുതൽ പേരും ബുക്കിംഗ് തുക അടയ്ക്കാൻ തങ്ങളുടെ നിലവിലെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നു. കൂടാതെ ഭവനവായ്പ തിരിച്ചടവിനായി ഭാവിയിലെ നല്ലൊരു സമ്പാദ്യവും വീടിനായി നീക്കിവയ്ക്കുന്നു. അതിനാൽ, മുഴുവൻ സമ്പാദ്യവും ഈ രീതിയിൽ അപകടത്തിലാക്കുന്നത് ഒട്ടും ആശാസ്യമല്ല. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ, ബിൽഡറുടെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുമ്പോൾ, വാടകയും ഇഎംഐയും ഒരുമിച്ച് അടയ്ക്കേണ്ട ഇരട്ട ഭാരം താങ്ങേണ്ടിവരുന്നു. വാടകയും ഇഎംഐയും ഒരുമിച്ച് നൽകാൻ കഴിയാതെ നിർമ്മാണത്തിലിരിക്കുന്ന വീട് വിൽക്കേണ്ടി വന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം