Latest Videos

'കളിക്കളം കൂളാക്കാൻ' മുകേഷ് അംബാനി; ബിസിസിഐയുടെ സ്പോൺസറാകാൻ കാമ്പ കോള

By Aavani P KFirst Published Jan 9, 2024, 12:36 PM IST
Highlights

കോള നിർമ്മാതാക്കൾ തമ്മിലുള്ള കടുത്ത മത്സരത്തിന് വരാനിരിക്കുന്ന വേനൽക്കാലം സാക്ഷ്യം വഹിക്കുമെന്ന് വിപണി നിരീക്ഷകർ  പ്രതീക്ഷിക്കുന്നതിനാൽ ഈ പങ്കാളിത്തം നിർണായകമാണ്.

ദില്ലി: ബിസിസിഐയുമായി കരാറൊപ്പിടാൻ കാമ്പ. റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാൻഡായ കാമ്പ, ഈ വർഷം മുതൽ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളാകാനാണ് കരാറായത്. 

എതിരാളികളായ കൊക്കകോളയെയും പെപ്‌സികോയെയും മറികടന്നാണ് കാമ്പ ബിസിസിഐയുമായി കരാറിലായത്. കരാർ പ്രകാരം, രാജ്യത്ത് കളിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും പാനീയ പങ്കാളിത്തവും  പ്രത്യേക ഓൺ-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും ലഭിക്കും. ഒരു വർഷം മുമ്പ് റിലയൻസ് പുനരാരംഭിച്ചതിന് ശേഷം കാമ്പയുടെ ആദ്യത്തെ പ്രധാന ക്രിക്കറ്റ് സ്പോൺസർഷിപ്പാണിത്. 

കോള നിർമ്മാതാക്കൾ തമ്മിലുള്ള കടുത്ത മത്സരത്തിന് വരാനിരിക്കുന്ന വേനൽക്കാലം സാക്ഷ്യം വഹിക്കുമെന്ന് വിപണി നിരീക്ഷകർ  പ്രതീക്ഷിക്കുന്നതിനാൽ ഈ പങ്കാളിത്തം നിർണായകമാണ്.

 അണ്ടർ 19 സീരീസും വനിതാ പരമ്പരകളും ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കരാറിൽ ഉൾക്കൊള്ളും. എന്നാൽ, സ്‌പോൺസർഷിപ്പിന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ പങ്കാളിത്തം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 ന്റെ പകുതിയോടെയാണ്  പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ കാമ്പയെ ഏറ്റെടുക്കുന്നത്. 1970 കളിലും 1980 കളിലും ഇന്ത്യയിൽ പ്രചാരത്തിലുള്ള പഞ്ചസാര സോഡകൾ പിന്നീട് യുഎസ് ഭീമന്മാർ വിപണി പിടിച്ചതോടെ അപ്രത്യക്ഷമാകുകയായിരുന്നു. കൊക്കകോളയെയും പെപ്‌സിയെയും  ഗൃഹാതുരത്വമുണർത്തുന്ന ഒരു പ്രാദേശിക ബ്രാൻഡ് ഉപയോഗിച്ച് റിലയൻസ് നേരിടുകയാണ്. 
 

click me!