പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ വായിപ്പ തട്ടിപ്പ്; ഡിഎച്ച്എഫ്എല്ലിനെതിരെ സിബിഐ കേസെടുത്തു

By Web TeamFirst Published Mar 24, 2021, 7:58 PM IST
Highlights

ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്.

മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ 2.60 ലക്ഷം വ്യാജ ഭവന വായിപ്പകള്‍ വഴി കോടികള്‍ തട്ടിച്ച കേസില്‍ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്ലിനെതിരെയും പ്രമോട്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസ് എടുത്തു. ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്.

ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് എന്ന പേരില്‍ 2.60 ഭവന വായിപ്പകള്‍ക്ക് എന്ന പേരില്‍  14,043 കോടി രൂപ കമ്പനി മേധാവികളുടെ അറിവോടെ വകമാറ്റിയെന്നും, ഇതില്‍ 11,755 കോടി രൂപ ചില ബിനാമി കമ്പനികളുടെ പേരില്‍ വകമാറ്റിയെന്നുമാണ് സിബിഐ പറയുന്നത്.

ഇതിന് പുറമേ 1,887 കോടിയോളം പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് വായിപ്പ നല്‍കിയതിന്‍റെ പേരില്‍ പലിശ സബ്സിഡിയായി കേന്ദ്രത്തോട് ഡിഎച്ച്എഫ്എല്‍ അവകാശപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് വീടുകള്‍ അനുവദിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് വായിപ്പ നല്‍കുന്ന പ്രധാന സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഡിഎച്ച്എഫ്എല്‍. 2019 ഡിസംബര്‍ മുതല്‍ ഡിഎച്ച്എഫ്എല്‍ ബോര്‍ഡിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ യെസ് ബാങ്ക് കേസിലും ഈ സ്ഥാപനവും പ്രമോട്ടര്‍മാരും ഇ.ഡി അന്വേഷണത്തിലാണ്. 

click me!