
ബീജിംഗ്: ഏഴ് വർഷത്തിനിടെ ആദ്യമായി അമേരിക്കയിൽ നിന്നും സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. 2018 നവംബറിന് ശേഷം ആദ്യമായാണ് സോയബീൻ ഇറക്കുമതി ചെയ്യാതെയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരാണ് ചൈന. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ ചൈനയുടെ തീരുമാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെയാണ് ചൈന അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചത്. മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടന്ന വ്യാപാര യുദ്ധത്തില്‍ ചൈന ഈ തന്ത്രം പ്രയോഗിച്ചിരുന്നു.
സെപ്റ്റംബറിൽ ചൈനയുടെ സോയാബീൻ ഇറക്കുമതി 12.87 ദശലക്ഷം മെട്രിക് ടണ്ണിലെത്തി, ഇത് ഇതുവരെയുള്ളതിൽ വച്ച് രണ്ടാമത്തെ ഉയർന്ന നിരക്കാണ്. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള സോയാബീൻ ലഭിക്കുന്നതിനാൽ യുഎസ് സോയാബീൻ വാങ്ങുന്നതിനുള്ള തീരുമാനെ എടുക്കാൻ ചൈനയ്ക്ക് സമയമുണ്ട്. യുഎസ് കാര്‍ഷിക മേഖലയെ, പ്രത്യേകിച്ചും സോയാബീന്‍ കര്‍ഷകർക്ക് തലവേദനയാണ് ചൈനയുടെ ഈ തീരുമാനം.
നിലവില്‍ ചൈനയുടെ കൈവശം ധാരാളം സോയാബീന്‍ ശേഖരമുണ്ട്. ഇതാണ് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ വിലപേശാനുള്ള ഒരു ആയുധമായി ഉപയോഗിക്കാന്‍ ചൈനയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. കഴിഞ്ഞ വ്യാപാര യുദ്ധത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട ചൈനീസ് വ്യവസായികള്‍ ബ്രസീലില്‍ നിന്ന് മാസങ്ങളോളം ഉപയോഗിക്കാനുള്ള സോയാബീന്‍ ശേഖരിച്ചിരുന്നു. ചിലര്‍ തങ്ങളുടെ കരുതല്‍ ശേഖരം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്. നിലവിലെ കരുതല്‍ ശേഖരം 2025 അവസാനം വരെ തികയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.