
രാജ്യത്തെ ചില്ലറ വില പണപ്പെരുപ്പം ജൂണില്‍ 77 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 2.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും സാധാരണക്കാര്‍ക്ക് പക്ഷെ വലിയ സന്തോഷമൊന്നുമിില്ല. പല നിത്യോപയോഗ സാധനങ്ങളുടെയും വില ഉയര്‍ന്നതാണ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നത്. ഉപഭോക്തൃ വില സൂചികയിലെ 40 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും മെയ് മാസത്തേക്കാള്‍ വേഗത്തില്‍ വില വര്‍ധിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ മൂന്നിലൊന്നിനും ഒരു ശതമാനത്തിലധികം വിലവര്‍ധനവ് രേഖപ്പെടുത്തി. കൂടാതെ, ഏകദേശം 17 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് ശതമാനത്തിലധികം വര്‍ധനവും ഉണ്ടായി.
ജൂണില്‍ വില വര്‍ധിച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്.
തക്കാളി: തക്കാളിയുടെ വില ജൂണില്‍ 37.8 ശതമാനം ഉയര്‍ന്നു. മെയ് മാസത്തില്‍ ഇത് 12.7 ശതമാനം മാത്രമായിരുന്നു.
വെളിച്ചെണ്ണ: വെളിച്ചെണ്ണയുടെ വില 11.3 ശതമാനം വര്‍ധിച്ചു (മെയ് മാസത്തില്‍ 6.7 ശതമാനം).
മറ്റ് ഭക്ഷ്യവസ്തുക്കള്‍: ഉരുളക്കിഴങ്ങ് (5.1 ശതമാനം), സവാള (2 ശതമാനം) എന്നിവയ്ക്കും വില വര്‍ധനവുണ്ടായി.
മറ്റ് അവശ്യവസ്തുക്കള്‍: സ്വര്‍ണ്ണം, വെള്ളി, ആഭരണങ്ങള്‍ എന്നിവയുടെ വില 2 ശതമാനത്തിലധികം ഉയര്‍ന്നു. മണ്‍സൂണ്‍ സീസണ്‍ കാരണം കുട, റെയിന്‍കോട്ട് എന്നിവയുടെ വില 1.2 ശതമാനം വര്‍ധിച്ചു.
വിദഗ്ദ്ധരുടെ വിലയിരുത്തല്‍:
ചില വിഭാഗങ്ങളില്‍ വിലക്കയറ്റം ഉണ്ടായിട്ടും സാമ്പത്തിക വിദഗ്ധര്‍ ശുഭാപ്തിവിശ്വാസത്തിലാണ്. ചില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് മുന്‍ വര്‍ഷങ്ങളിലെ പ്രവണതയേക്കാള്‍ മന്ദഗതിയിലാണെന്നാണ് ഇവരുടെ വിലയിരുത്തല്‍ . 2025 ജൂണിലെ തക്കാളി വിലയിലെ 37 ശതമാനം വര്‍ധന 2024 ജൂണിലെ 48 ശതമാനം വര്‍ധനവിനേക്കാള്‍ കുറവാണെന്നും, ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയായ 34 ശതമാനത്തേക്കാള്‍ അല്പം കൂടുതല്‍ മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിലക്കയറ്റം ജൂലൈയില്‍ ഇനിയും കുറയുമെന്നും പിന്നീട് ക്രമേണ ഉയരുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ ആദ്യ പാദത്തിലെ വിലക്കയറ്റം കാരണം, പ്രവചനങ്ങള്‍ പുതുക്കിയിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി പണപ്പെരുപ്പം 3.5 ശതമാനമായിരിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇത് ആര്‍ബിഐയുടെ 3.7 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണ്. ഒന്നാം പാദത്തിലെ പണപ്പെരുപ്പം 2.7 ശതമാനമാണ്. ഇത് ആര്‍ബിഐയുടെ 2.9 ശതമാനം പ്രവചനത്തേക്കാള്‍ കുറവായിരുന്നു