സാമ്പത്തികരംഗത്തെ തകർക്കും: ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കോൺഗ്രസ്

By Web TeamFirst Published Oct 25, 2019, 5:00 PM IST
Highlights
  • ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്നതാണ് കരാറെന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും കോൺഗ്രസ്
  • സമാന അഭിപ്രായമുള്ള പാർട്ടികളുമായി സഹകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ്

ദില്ലി: വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ഒപ്പുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ കോൺഗ്രസ് രംഗത്ത്. ആർസിഇപി കരാർ രാജ്യത്തെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കരാറാണിതെന്നും കരാർ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

പത്ത് ആസിയാൻ രാജ്യങ്ങളും ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേർന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണ് ആർ സി ഇ പി. കാർഷിക, വ്യാവസായിക, സേവന, എൻജിനിയറിങ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ പരസ്‌പരം കയറ്റി അയക്കുന്നതിനുള്ളതാണ് കരാർ. മേക്ക് ഇൻ ഇന്ത്യ നടപ്പാക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ആർസിഇപി ക്കായി വാദിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

കരാറിലുൾപ്പെട്ട മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് നികുതിയില്ലാതെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാവും. നോട്ട് നിരോധനം പോലെ ആത്മഹത്യപരമായ തീരുമാനമാണിതെന്നും സമാന അഭിപ്രായമുള്ള പാർട്ടികളുമായി സഹകരിച്ച് രാജ്യത്താകമാനം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നവംബർ 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇത് മുഖ്യവിഷയമാക്കും.

click me!