
വാഷിംഗ്ടൺ: റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രധാന ഉപരോധങ്ങളും ഉയർന്ന താരിഫുകളും നടപ്പിലാക്കുന്ന നടപടി താൽക്കാലികമായി നീട്ടി ഉത്തരവിറക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇളവ് പ്രാബല്യത്തിൽ വരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും വൻ ആശ്വാസമാകുന്ന ഈ തീരുമാനം പുറത്തുവന്നത്. അമേരിക്കയുടെ 'ദേശീയ താൽപ്പര്യം' മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വ്യക്തമാക്കി.
ട്രംപ് ഇങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഇന്ത്യയെ എങ്ങനെ ബാധിക്കുമായിരുന്നു? ഉയർന്ന നികുതി നിലവിൽ വന്നിരുന്നെങ്കിൽ യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻവിലക്കയറ്റം ഉണ്ടാകുകയും കയറ്റുമതിയെ അത് സാരമായി ബാധിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും ഉത്തരവ് താത്കാലികമായതിനാൽ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിവിധ മാർഗ്ഗങ്ങളിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന 'ഗ്രഹാം ആക്ട്' പ്രകാരമുള്ള നടപടികളാണ് ട്രംപ് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 18-ഓടെ പൂർത്തിയാകാനിരുന്ന 30 ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി റഷ്യയുടെ സാമ്പത്തിക സ്രോതസുകൾ തടയുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. അതേസമയം, ഈ ഉപരോധങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും ഭാവിയിൽ വീണ്ടും നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് കൂടുതൽ ഡീസൽ ഇറക്കുമതി ചെയ്യുന്നതിനായി ട്രംപ് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനെതിരെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി രംഗത്തെത്തിയെങ്കിലും, യുദ്ധം അവസാനിപ്പിക്കാൻ കരാറുണ്ടാക്കാൻ സാധിക്കുന്ന പുതിയൊരു നേതാവിനെ കണ്ടെത്താൻ ഉക്രെയ്ൻ തയ്യാറാകണമെന്ന് ട്രംപ് തിരിച്ചടിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ ഈ നിർണായക പ്രഖ്യാപനം. ഒക്ടോബർ 20-ന് മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മാർക്കോ റൂബിയോയും തമ്മിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചും ഈ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.