ഡൊണാൾഡ് ട്രംപിനെ അല്ല, എതിരാളിയെ പിന്തുണയ്ക്കുമെന്ന് ഇലോൺ മസ്‌ക്

By Web TeamFirst Published Nov 26, 2022, 2:04 PM IST
Highlights

ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പാർട്ടിയായി മാറിയിരിക്കുന്നു, അതിനാൽ എനിക്ക് അവരെ പിന്തുണയ്ക്കാൻ കഴിയില്ല. 2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ ഡൊണാൾഡ് ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കും. 

സാൻഫ്രാൻസിസ്കോ: തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറയുന്ന വ്യക്തിയാണ് ശതകോടീശ്വരൻ എലോൺ മസ്ക്. ഇപ്പോൾ 2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് മത്സരിച്ചാൽ, ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടെസ്‌ല സിഇഒ. റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തുണയ്ക്കുമെന്ന് മാസ്ക് പറഞ്ഞു. 
 
അതേസമയം, ട്വിറ്ററിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള വോട്ടെടുപ്പ് കഴിഞ്ഞയാഴ്ച മസ്ക് ആരംഭിച്ചു. മെയ് മാസത്തിൽ, താൻ മുമ്പ് ഡെമോക്രാറ്റിന് വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ "അവർ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പാർട്ടിയായി മാറിയിരിക്കുന്നു, അതിനാൽ എനിക്ക് അവരെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടുചെയ്യുമെന്നും" മസ്‌ക് ട്വീറ്റ് ചെയ്തു.   

അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താൻ താല്പര്യമില്ലെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റർ വിലക്കേർപ്പെടുത്താൻ കാരണം. കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നിൽക്കണ്ട്  ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു. 'അതിന് ഒരു കാരണവും ഞാൻ കാണുന്നില്ല' എന്നാണ് ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രതികരണം. തന്റെ ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പ്  സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത  പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഉറച്ചുനിൽക്കും. ട്രൂത്ത് സോഷ്യലിൽ ട്വിറ്ററിനേക്കാൾ മികച്ച ഉപയോക്തൃ ഇടപെടലുണ്ടെന്നും അത്  അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തിൽ ട്വിറ്റർ മേധാവി എലോൺ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.  

click me!