
പുതിയ ജോലി, ഉയര്‍ന്ന ശമ്പളം, കരിയറിലെ മാറ്റങ്ങള്‍... ഇതിനിടയില്‍ മിക്കവരും മറന്നുപോകുന്ന ഒന്നാണ് പഴയ കമ്പനിയിലെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്. 'അതവിടെ ഇരിക്കട്ടെ, പിന്നീട് നോക്കാം' എന്ന മനോഭാവം വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തില്‍ ലക്ഷങ്ങളുടെ കുറവുണ്ടാക്കുമെന്ന് അറിയാമോ? ജോലി മാറുമ്പോള്‍ പി.എഫ് തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റേണ്ടത് എന്തുകൊണ്ട് അത്യാവശ്യമാണെന്ന് നോക്കാം...
1. പലിശ മുടങ്ങും, നികുതിയും വരും
പഴയ പി.എഫ് അക്കൗണ്ടില്‍ 36 മാസത്തേക്ക് പുതിയ നിക്ഷേപങ്ങളൊന്നും വന്നില്ലെങ്കില്‍ ആ അക്കൗണ്ട് 'ഡോര്‍മെന്റ്' (നിഷ്‌ക്രിയ) വിഭാഗത്തിലേക്ക് മാറും. നിഷ്‌ക്രിയമായ അക്കൗണ്ടിലെ തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് പിന്നീട് നികുതി നല്‍കേണ്ടി വരും. എന്നാല്‍ പഴയ തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റിയാല്‍, അത് ആക്റ്റീവ് അക്കൗണ്ടിന്റെ ഭാഗമാവുകയും നികുതിയില്ലാതെ പലിശ വളരുകയും ചെയ്യും.
2. കൂട്ടുപലിശ നഷ്ടപ്പെടും
ലളിതമായി പറഞ്ഞാല്‍, ചെറിയ തുകകള്‍ പലയിടത്തായി കിടക്കുന്നതിനേക്കാള്‍ വലിയൊരു തുക ഒരിടത്ത് കിടക്കുമ്പോഴാണ് കൂട്ടുപലിശയുടെ ഗുണം പൂര്‍ണ്ണമായി ലഭിക്കുക. പത്തു ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ ഒറ്റ അക്കൗണ്ടിലെ തുക നല്‍കുന്ന ലാഭം ചിതറിക്കിടക്കുന്ന അക്കൗണ്ടുകളേക്കാള്‍ വളരെ കൂടുതലായിരിക്കും.
3. പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യത
പി.എഫ് തുക പോലെ തന്നെ പ്രധാനമാണ് പെന്‍ഷനും . വിരമിച്ച ശേഷം മാസം തോറും പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും സര്‍വീസ് വേണം. ഓരോ ജോലി മാറുമ്പോഴും പി.എഫ് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ സര്‍വീസ് കാലാവധി കൃത്യമായി രേഖപ്പെടുത്തില്ല. ഇത് പത്തു വര്‍ഷം തികയാതിരിക്കാനും പെന്‍ഷന്‍ ആനുകൂല്യം നഷ്ടപ്പെടാനും കാരണമാകും.
4. നികുതി ഭാരം ഒഴിവാക്കാം
തുടര്‍ച്ചയായി അഞ്ചു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമുള്ള പി.എഫ് പിന്‍വലിക്കലിന് നികുതിയില്ല. എന്നാല്‍ പഴയ അക്കൗണ്ടിലെ തുക മാറ്റാതെ അത് പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍, ആ കാലാവധി അഞ്ചു വര്‍ഷത്തില്‍ കുറവാണെങ്കില്‍ വലിയൊരു തുക നികുതിയായി നല്‍കേണ്ടി വരും. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്താല്‍ സര്‍വീസ് കാലാവധി കൂട്ടി ലഭിക്കും.
എങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം?
പി.എഫ് മാറ്റാന്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ഓണ്‍ലൈനായി തന്നെ ഇത് ചെയ്യാം:
യു.എ.എന്‍ ആക്റ്റിവേറ്റ് ചെയ്യുക: യു.എ.എന്‍ നമ്പര്‍ ആക്റ്റീവ് ആണെന്നും അതില്‍ ആധാറും ഫോണ്‍ നമ്പറും ലിങ്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
കെവൈസി പൂര്‍ത്തിയാക്കുക: ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുക.
വിവരങ്ങള്‍ ഒത്തുനോക്കുക: പേര്, ജനനത്തീയതി എന്നിവ ആധാറിലും പി.എഫ് രേഖകളിലും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക.
ഓണ്‍ലൈന്‍ അപേക്ഷ: unifiedportal-mem.epfindia.gov.in എന്ന സൈറ്റില്‍ കയറി 'One Member - One EPF Account' എന്ന ലിങ്ക് വഴി ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കാം.
അപേക്ഷ നല്‍കി 30 ദിവസമായിട്ടും മാറ്റം വന്നില്ലെങ്കില്‍ 'EPFiGMS' പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പരാതി നല്‍കാം.