
ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. സാമ്പത്തിക നഷ്ടം നേരിടുന്ന ഒല ബാധ്യത കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടുന്നതെന്നാണ് സൂചന. ഉപഭോക്തൃ സേവനങ്ങള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഒന്നിലധികം വകുപ്പുകളില്‍ ജോലി വെട്ടിക്കുറച്ചേക്കാം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് മാസത്തിനുള്ളില്‍ കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 2024 നവംബറില്‍, ഒല ഇലക്ട്രിക് ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആകെ നാലായിരത്തോളം ജീവനക്കാരാണ് നിലവില്‍ ഓലയില്‍ ജോലി ചെയ്യുന്നത്. ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഫെബ്രുവരിയില്‍ തങ്ങളുടെ രണ്ട് ഏജന്‍സികളുമായി വീണ്ടും ചര്‍ച്ച നടത്തുന്നതിനാല്‍ വാഹന രജിസ്ട്രേെന്‍ ബാധിക്കപ്പെടുമെന്ന് കമ്പനി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിക്ഷേപകരെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭവിഷ് അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഡിസംബര്‍ പാദത്തില്‍ നഷ്ടത്തിലെ നഷ്ടം 50 ശതമാനം കൂടിയിരുന്നു. 2024 ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 564 കോടി രൂപയായി വര്‍ദ്ധിച്ചു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 376 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ വില്‍പ്പനക്കാരായിരുന്നു അടുത്ത കാലം വരെ ഒല. എന്നാല്‍ വിപണിയില്‍ മല്‍സരം ശക്തമായത് കമ്പനിക്ക് തിരിച്ചടിയായി. 2024 ഡിസംബറിലെ കണക്ക് പ്രകാരം ബജാജ് ഓട്ടോ ലിമിറ്റഡ് ഓല ഇലക്ട്രിക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ടിവിഎസ് മോട്ടോറും ഇപ്പോള്‍ ഓലയ്ക്ക് മുന്നിലാണ്. 2025 ഫെബ്രുവരിയില്‍, ഓല 25,000 യൂണിറ്റിലധികം വാഹനങ്ങള്‍ വില്‍പന നടത്തിയിട്ടുണ്ട്. 28 ശതമാനം വിപണി വിഹിതവും ഒലയുടെ പക്കലാണ്.
2024 ഓഗസ്റ്റില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് ഒല ഇലക്ട്രിക്കിന്‍റെ ഓഹരികള്‍ 60 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ന് മാത്രം 3.25 ശതമാനം ഇടിവാണ് ഒല ഓഹരികളിലുണ്ടായത്..