
ലോകമെമ്പാടുമുള്ള യുദ്ധങ്ങളും സംഘര്‍ഷങ്ങളും ആയുധ നിര്‍മ്മാതാക്കളുടെ കീശ നിറക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗോള ആയുധ വില്‍പ്പന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. പ്രമുഖ പ്രതിരോധ കമ്പനികള്‍ ഒറ്റ വര്‍ഷം വിറ്റഴിച്ചത് 67,900 കോടി ഡോളറിന്റെ (ഏകദേശം 59 ലക്ഷം കോടി) ആയുധങ്ങള്‍! സ്വീഡന്‍ ആസ്ഥാനമായുള്ള സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആയുധ നിര്‍മ്മാതാക്കളുടെ വരുമാനം ആറ് ശതമാനമാണ് വര്‍ധിച്ചത്. 2015-നെ അപേക്ഷിച്ച് ഇത് 26 ശതമാനം കൂടുതലാണ്. ഗവേഷകനായ ലോറെന്‍സോ സ്‌കാരസാറ്റോയുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന ഡിമാന്റ് മുതലെടുത്താണ് ആയുധ നിര്‍മ്മാതാക്കള്‍ റെക്കോര്‍ഡ് ലാഭം നേടിയത്. യുക്രെയ്‌നിലെയും ഗാസയിലെയും യുദ്ധങ്ങളാണ് ആഗോളതലത്തില്‍ ആയുധങ്ങളുടെ ആവശ്യം കുത്തനെ കൂട്ടിയത്. പല രാജ്യങ്ങളും തങ്ങളുടെ ആയുധ ശേഖരം വര്‍ധിപ്പിക്കാനും കാലഹരണപ്പെട്ടവ മാറ്റാനും തിരക്കുകൂട്ടിയതും കച്ചവടം പൊടിപൊടിക്കാന്‍ സഹായിച്ചു.
ആഗോളതലത്തില്‍ ആയുധങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തില്‍ യൂറോപ്പാണ് മുന്നില്‍. റഷ്യയുടെ ഭീഷണിയും യുക്രെയ്ന്‍ യുദ്ധവുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചത്. യുക്രെയ്‌നെ സൈനികമായി പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ മാത്രമല്ല, അല്ലാത്ത രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ നവീകരിക്കുന്ന തിരക്കിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഏഷ്യ-ഓഷ്യാനിയയില്‍ ആവശ്യകത കുറഞ്ഞതിനാല്‍ ഈ മേഖലയില്‍ മാത്രമാണ് ആയുധ വില്‍പ്പനയില്‍ ഇടിവുണ്ടായത്. ചൈനയില്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന കരാറുകള്‍ കുറഞ്ഞതാണ് ഇതിന് കാരണം. എങ്കിലും ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും കമ്പനികള്‍ നല്ല വളര്‍ച്ച നേടി.