സ്വർണ വില ഇനിയും കുറയുമോ? പഴയത് വിറ്റഴിക്കാൻ ജനങ്ങളുടെ നെട്ടോട്ടം! ഡിമാന്റ് കുറഞ്ഞു, പുതിയ സ്വർണം വാങ്ങാൻ ആളില്ല

Published : Jul 01, 2026, 03:53 PM IST
gold price

Synopsis

റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണവില കുറഞ്ഞതോടെ മൂല്യം ഇനിയും കുറയുമെന്ന ഭയത്തില്‍ ഇന്ത്യക്കാര്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നു. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് പുതിയ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറക്കുകയും, ഈ സാഹചര്യം പഴയ സ്വര്‍ണത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തി.

റെക്കോര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില താഴേക്ക് പോകുന്ന സാഹചര്യത്തില്‍ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടി ഇന്ത്യക്കാര്‍. വരും ദിവസങ്ങളില്‍ വില വീണ്ടും ഇടിഞ്ഞാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറയുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഏകദേശം 50 ടണ്‍ പഴയ സ്വര്‍ണമാണ് ജനങ്ങള്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 43 മുതല്‍ 50 ശതമാനം വരെ കൂടുതലാണിത്.

ആവശ്യക്കാരില്‍ വലിയ ഇടിവ്

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയതോടെ രാജ്യത്ത് പുതിയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തീരുവ വര്‍ദ്ധിപ്പിച്ചതിന് ശേഷം വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70 ശതമാനത്തിലധികം കുറഞ്ഞതായി ഐബിജെഎ അറിയിച്ചു. മെയ് 13നാണ് കേന്ദ്രം ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയത്. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് മാറ്റിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഈ വര്‍ദ്ധനവ്. പുതിയ സാഹചര്യത്തില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകുമ്പോള്‍, സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വളരെ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. കൂടാതെ, വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ്ണപ്പണയങ്ങളിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

റെക്കോര്‍ഡ് വിലയില്‍ നിന്ന് 30% ഇടിവ്

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണവില ഇടിയുന്നത്. ഓഗ്മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2026 ജനുവരിയിലെ റെക്കോര്‍ഡ് വിലയായ 5,597 ഡോളറില്‍ നിന്ന് ഏകദേശം 30 ശതമാനത്തോളം ഇടിവാണ് സ്വര്‍ണത്തിന് ഉണ്ടായിട്ടുള്ളത്.

വെള്ളിക്കും കനത്ത തിരിച്ചടി

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയിലും വലിയ ഇടിവുണ്ടായി. കോമെക്‌സില്‍ വെള്ളിയുടെ വില ഏകദേശം 10% കുറഞ്ഞ് ഔണ്‍സിന് 58.87 ഡോളറിലെത്തി. വ്യവസായിക മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുമെന്ന ആശങ്കയാണ് വെള്ളിക്ക് പ്രധാനമായും തിരിച്ചടിയായത്.

PREV
Read more Articles on
click me!

Recommended Stories

ലഗേജ് കുറവാണോ? കുറഞ്ഞ ചിലവിൽ പറക്കാം; പുതിയ 'ഇൻഡിഗോ ലൈറ്റ്' നിരക്കുകളുമായി ഇൻഡിഗോ
അറിഞ്ഞിരിക്കണം ഈ വമ്പൻ മാറ്റങ്ങൾ! റെയിൽവേ പിഴ തുക കൂടും, പാസ്‌പോർട്ട് നിരക്കുകൾ ഉയരും; ഇന്ന് മുതൽ രാജ്യത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതാ