
ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്, അതായത് 'ജെന്‍ സി' ജീവനക്കാര്‍ക്ക് വലിയൊരു ശമ്പളം നല്‍കിയാല്‍ അവരെ കമ്പനിയില്‍ പിടിച്ചുനിര്‍ത്താം എന്ന് കരുതിയെങ്കില്‍ തെറ്റി! ശമ്പളത്തേക്കാള്‍ ഉപരി അവര്‍ക്ക് ജോലിയില്‍ മറ്റ് പലതുമാണ് ആവശ്യം. ജോലിയില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് നൗക്രി പുറത്തുവിട്ട ഏറ്റവും പുതിയ 'ദ ജെന്‍ സി വര്‍ക്ക് കോഡ് 2026' റിപ്പോര്‍ട്ട്.
ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, നിരന്തരമുള്ള പഠനം, മികച്ച കരിയര്‍ വളര്‍ച്ച എന്നിവയ്ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍, ശമ്പളത്തിന് പുറമെ 50 ശതമാനം ജെന്‍ സി ജീവനക്കാരും ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് വര്‍ക്ക്- ലൈഫ് ബാലന്‍സാണ്. ഇതിന് പിന്നാലെ വരുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
ജോലിയില്‍ പ്രവൃത്തിപരിചയം കൂടുന്തോറും വര്‍ക്ക്- ലൈഫ് ബാലന്‍സിനോടുള്ള താല്പര്യവും വര്‍ദ്ധിക്കുന്നതായി പഠനം പറയുന്നു. 5 മുതല്‍ 8 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരില്‍ 60 ശതമാനം പേരും ഇതിനാണ് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ മികച്ച യുവാക്കളെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനും വാരാന്ത്യ അവധികളും ജോലി സമയങ്ങളിലെ ഇളവുകളും നല്‍കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
പുതിയ കാര്യങ്ങള്‍ പഠിക്കാനും നൈപുണ്യം വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ തലമുറയ്ക്ക് താല്പര്യം. 57 ശതമാനം പേരും കരിയര്‍ വളര്‍ച്ചയായി കാണുന്നത് പുതിയ സ്‌കില്ലുകള്‍ പഠിക്കുന്നതിനെയാണ്. ശമ്പള വര്‍ദ്ധനവിനോ സ്ഥാനക്കയറ്റത്തിനോ ഇവര്‍ അത്ര പ്രാധാന്യം നല്‍കുന്നില്ല.
മറ്റ് കാര്യങ്ങള്‍ക്കുള്ള മുന്‍ഗണന ഇങ്ങനെ:
ക്രിയേറ്റീവ് മേഖലകളിലാണ് പഠനത്തോടുള്ള ഈ താല്പര്യം കൂടുതലായി കാണുന്നത്. ആനിമേഷന്‍, ഡിസൈന്‍, പരസ്യ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ 78 ശതമാനം പേര്‍ക്കും പുതിയ സ്‌കില്ലുകള്‍ പഠിക്കുന്നതാണ് കരിയര്‍ വളര്‍ച്ച. എന്നാല്‍, പ്രവൃത്തിപരിചയം കൂടുമ്പോള്‍ ശമ്പളത്തിനും അവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 5-8 വര്‍ഷം പരിചയമുള്ളവരില്‍ 25 ശതമാനം പേര്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് തൊട്ടുപിന്നാലെ ശമ്പള വര്‍ദ്ധനവിനും പ്രാധാന്യം നല്‍കുന്നു.
വളര്‍ച്ചയില്ലെങ്കില്‍ ജോലി വിടും!
ജോലിയില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജോലി ഉപേക്ഷിക്കാന്‍ 14 ശതമാനം ജെന്‍ സി ജീവനക്കാരും തയ്യാറാണ്. എന്നാല്‍ മുന്‍ തലമുറയായ മില്ലേനിയല്‍സില്‍ വെറും 3 ശതമാനം പേര്‍ മാത്രമാണ് ഇങ്ങനെ പെട്ടെന്ന് ജോലി വിടാന്‍ തയ്യാറാകുന്നത്. അതേസമയം ഉയര്‍ന്ന ശമ്പളം ഇവരെ കമ്പനിയില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. വര്‍ഷത്തില്‍ 15 മുതല്‍ 25 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവരില്‍ 56 ശതമാനം പേരും അഞ്ച് വര്‍ഷമെങ്കിലും ഒരേ കമ്പനിയില്‍ തുടരാന്‍ തയ്യാറാണ്. എന്നാല്‍ 2-5 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ശമ്പളമുള്ളവരില്‍ ഇത് 37 ശതമാനം മാത്രമാണ്. കരിയര്‍ വളര്‍ച്ചയും ഒപ്പം മികച്ച ശമ്പളവും നല്‍കിയാല്‍ മാത്രമേ യുവാക്കളെ ദീര്‍ഘകാലം നിലനിര്‍ത്താനാകൂ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കരിയര്‍ ഉപദേശങ്ങള്‍ക്ക് ആശ്രയിക്കുന്നത് ആരെ?
കരിയര്‍ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കാന്‍ ജെന്‍ സി ഏതെങ്കിലും ഒരു മാധ്യമത്തെയല്ല ആശ്രയിക്കുന്നത്. 43 ശതമാനം പേരും സുഹൃത്തുക്കളുടെയും മെന്റര്‍മാരുടെയും ഉപദേശങ്ങള്‍ തേടുന്നു.
അതുകൊണ്ട് കമ്പനികള്‍ ജീവനക്കാര്‍ക്ക് മികച്ച മെന്റര്‍ഷിപ്പ് നല്‍കണമെന്നും മുതിര്‍ന്ന ജീവനക്കാരെ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ സജീവമാകാന്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.