
ദില്ലി: പിപിഎഫ്, എൻഎസ്‌സി എന്നിവയുൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ കേന്ദ്രസർക്കാർ. 2025 ജൂലൈ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ നിക്ഷേപങ്ങൾക്ക് പഴയ പലിശ നിരക്ക് തന്നെയായിരിക്കും ലഭിക്കുക. തുടർച്ചയായ അഞ്ചാം പാദത്തിലും പലിശ നിരക്ക് വർദ്ധിപ്പിക്കാത്തത് നിക്ഷേപകർക്ക് തിരിച്ചടിയായിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 ബിപിഎസ് വരെയാണ് അന്ന് വർദ്ധിപ്പിച്ചത്.
ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, സുകന്യ സമൃദ്ധി പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് 8.2 ശതമാനം പലിശ ലഭിക്കും. ജനപ്രിയ നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ 7.1 ശതമാനവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഡെപ്പോസിറ്റ് സ്കീമുകളുടെ പലിശ 4 ശതമാനമാവുമാണ്. കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.5 ശതമാനമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്ക് 7.7 ശതമാനമായി തുടരും.
പോസ്റ്റ് ഓഫീസുകളും ബാങ്കുകളും നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ എല്ലാ പാദത്തിലും പുതുക്കാറുണ്ട്. . 2023-24 ലെ നാലാം പാദത്തിലാണ് സർക്കാർ അവസാനമായി ചില പദ്ധതികളിലെ പലിശയിൽ മാറ്റങ്ങൾ വരുത്തിയത്.