
സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക, ഇന്ന് മുതൽ സാമ്പത്തിക കാര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. റെയിൽവേ, നികുതി, ബാങ്കിംഗ് മേഖലകളിലായി നിരവധി പുതിയ നിയമങ്ങളാണ് പ്രാബല്യത്തിലായത്. പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമാക്കുന്നത് മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ നിരവധി കാര്യങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കും.
ദെനംദിന ജീവിതത്തിൽ ഈ മാറ്റങ്ങളെല്ലാം എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് നോക്കാം:
ജൂലൈ 1 മുതൽ പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാകും. വോട്ടർ ഐഡി കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പാൻ എടുത്തിരുന്ന പഴയ രീതി മാറുകയാണ്. ആധാർ ഇല്ലെങ്കിൽ ഇനി പാൻ കാർഡ് ലഭിക്കില്ലെന്നർത്ഥം
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെങ്കിൽ ഇനി മുതൽ ആധാർ വഴിയുള്ള വെരിഫിക്കേഷൻ നിർബന്ധമാണ്. ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ മാറ്റം ബാധകമാകും. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനും ഉടൻ നിലവിൽ വരും.
എസ്ബിഐ കാർഡ്: ജൂലൈ 15 മുതൽ ചില പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്ക് (എലൈറ്റ്, പ്രൈം) ഉണ്ടായിരുന്ന സൗജന്യ എയർ ആക്‌സിഡന്റ് ഇൻഷുറൻസ് ഇല്ലാതാകും. ക്രെഡിറ്റ് കാർഡ് ബില്ലുകളിലെ മിനിമം തുക കണക്കാക്കുന്ന രീതിയും എസ്ബിഐ കാർഡ് മാറ്റുന്നു. ജിഎസ്ടി, ഇഎംഐ, പ്രോസസ്സിംഗ് ഫീസ് എന്നിവയെല്ലാം ഇനി മിനിമം തുകയിൽ ഉൾപ്പെടും. ഇത് പ്രതിമാസ മിനിമം പേയ്മെന്റ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ജൂലൈ 1 മുതൽ ചില ഡിജിറ്റൽ ഇടപാടുകൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് സർവ്വീസ് ചാർജ് ഈടാക്കും.
എടിഎം ഇടപാടുകൾ, ഐഎംപിഎസ് ഫീസ്, ബാങ്ക് ശാഖകളിലെ പണമിടപാടുകൾ എന്നിവയുടെ ചാർജുകൾ ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിക്കുന്നു. സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതൽ ചാർജ് നൽകേണ്ടിവരും.
ആക്‌സിസ് ബാങ്ക് എടിഎം ഇടപാടുകൾക്ക്, പ്രത്യേകിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ഫീസ് വർദ്ധിപ്പിക്കുന്നു. ഇനി മുതൽ ഒരു ഇടപാടിന് 23 രൂപ വരെ ഈടാക്കും.