ഗുരുവായൂരപ്പന് 1,737.കോടി രൂപ ബാങ്ക് നിക്ഷേപം; 271.05 ഏക്കർ ഭൂമി

Published : Dec 30, 2022, 11:45 AM IST
ഗുരുവായൂരപ്പന് 1,737.കോടി രൂപ ബാങ്ക് നിക്ഷേപം; 271.05 ഏക്കർ ഭൂമി

Synopsis

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  ബാങ്ക് നിക്ഷേപങ്ങളും ഭൂമിയും എത്രയെന്ന് കണക്കുകൾ പുറത്ത്. ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം   

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കർ ഭൂമിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഭക്തരിൽ നിന്ന് വഴിപാടായി സ്വീകരിച്ച സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയുടെ ശേഖരം ക്ഷേത്രത്തിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങളും മൂല്യവും വെളിപ്പെടുത്താൻ ദേവസ്വം ബോർഡ് വിസമ്മതിച്ചു. 

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ദേവസ്വത്തിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്വത്തുവിവരങ്ങൾ പുറത്തുവന്നത്.

ഗുരുവായൂർ ദേവസ്വം നൽകിയ വിവരാവകാശ മറുപടി പ്രകാരം ക്ഷേത്രത്തിന് 271.0506 ഏക്കർ ഭൂമിയുണ്ടെങ്കിലും അതിന്റെ മൂല്യം മാനേജ്‌മെന്റ് ഇതുവരെ വിലയിരുത്തിയിട്ടില്ല. വിവിധ ബാങ്കുകളിലായി 1737,04,90,961 രൂപ നിക്ഷേപമുണ്ടെന്ന് മറുവപ്പടിയിൽ വ്യക്തമാക്കി. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം അറിയിക്കുകയും ചെയ്തു. 

2018-19ലെ പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നൽകിയ 10 കോടി രൂപ ഇതുവരെ ക്ഷേത്രത്തിന് തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി. 

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്.   ശ്രീകോവിലിന്റെ വികസനത്തിലും ഭക്തരുടെ ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അവഗണനയാണ് നേരിടേണ്ടി വരുന്നത്. ക്ഷേത്രത്തിന് വമ്പിച്ച ബാങ്ക് നിക്ഷേപങ്ങളും മറ്റ് ആസ്തികളും ഉണ്ട്. ഇപ്പോഴും ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതാണ് തന്നെ വിവരാവകാശ അപേക്ഷ നല്കാൻ പ്രേരിപ്പിച്ചതെന്ന് എം കെ ഹരിദാസ് പറഞ്ഞു. ക്ഷേത്രത്തിന് സമീപം മാനേജ്‌മെന്റ് ആശുപത്രി നടത്തുന്നുണ്ടെങ്കിലും അതിന്റെ അവസ്ഥയും പരിപാലനവും വളരെ ദയനീയമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രസാദം വിതരണം ചെയ്യുന്ന കാര്യത്തിലും ക്ഷേത്രത്തിലെ നിത്യചടങ്ങുകൾക്കും വഴിപാടുകൾക്കുമായി കാര്യങ്ങൾ തയ്യാറാക്കുന്നതിനുള്ള ദേവസ്വത്തിന്റെ വിമുഖതയേയും അദ്ദേഹം വിമർശിച്ചു.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമാണ് ഏറ്റവും സമ്പന്നമായ ക്ഷേത്രമെങ്കിലും, അതിന്റെ സ്വത്തുക്കൾ എത്ര സ്വർണം എത്ര എന്നിങ്ങനെ വിശദമായി പ്രഖ്യാപിക്കുന്നതിൽ അതിന്റെ ദേവസ്വത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി