ക്രിപ്റ്റോ നിക്ഷേപമുണ്ടോ? സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടമാകും; അരങ്ങുവാണ് തട്ടിപ്പുകാര്‍

Published : Jan 09, 2026, 04:07 PM IST
crypto currency fraud

Synopsis

കൃത്യമായ പ്ലാനിങ്ങോടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഇവര്‍ ഓരോ നിക്ഷേപകനെയും വലയിലാക്കുന്നത്.

 

ഡിജിറ്റല്‍ പണമിടപാടുകളും ക്രിപ്റ്റോ കറന്‍സിയും സാധാരണക്കാരുടെ ഇടയില്‍ വ്യാപകമാകുമ്പോള്‍, മറുവശത്ത് നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ചതിക്കുഴികള്‍. പഴയ കാലത്തെപ്പോലെ തപ്പിത്തടയുന്നവരല്ല ഇന്നത്തെ ക്രിപ്റ്റോ തട്ടിപ്പുകാര്‍. കോര്‍പ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഓഫീസുകളും പ്രൊഫഷണല്‍ രീതിയിലുള്ള കസ്റ്റമര്‍ കെയര്‍ സംവിധാനങ്ങളുമായി 'ഹൈടെക്' ആയാണ് ഇവരുടെ പ്രവര്‍ത്തനം. ബ്ലോക്ക് ചെയിന്‍ അനലിറ്റിക്‌സ് സ്ഥാപനമായ ചെയിനാലിസിസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ മാത്രം ക്രിപ്റ്റോ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 4.25 ലക്ഷം കോടി രൂപയിലധികം (51 ബില്യണ്‍ ഡോളര്‍) വരും. 2020 മുതല്‍ ഓരോ വര്‍ഷവും ഇത്തരം കുറ്റകൃത്യങ്ങളില്‍ 25 ശതമാനം വര്‍ധനവുണ്ടാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പ്ലാനിങ്ങോടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഇവര്‍ ഓരോ നിക്ഷേപകനെയും വലയിലാക്കുന്നത്.

ശ്രദ്ധിക്കേണ്ട പുതിയ തട്ടിപ്പ് രീതികള്‍

പിഗ് ബുച്ചറിങ് : ഓണ്‍ലൈന്‍ സൗഹൃദങ്ങളിലൂടെ ആഴ്ചകളോളം വിശ്വസ്തത പിടിച്ചുപറ്റിയ ശേഷം നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന രീതിയാണിത്. ഒടുവില്‍ പണം നിക്ഷേപിച്ചു കഴിയുമ്പോള്‍ ഇവര്‍ അപ്രത്യക്ഷമാകും.

വ്യാജ വെബ്‌സൈറ്റുകള്‍: പ്രമുഖ ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകളുടെയും ബാങ്കുകളുടെയും പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു.

എഐ തട്ടിപ്പ്: വോയ്സ് ക്ലോണിങ്, ഡീപ് ഫേക്ക് വീഡിയോകള്‍ എന്നിവയിലൂടെ പരിചയക്കാരാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന രീതിയും വര്‍ധിച്ചുവരികയാണ്.

രക്ഷപ്പെടാന്‍ എന്തുചെയ്യണം?

ജോയിന്റ് അക്കൗണ്ട് പോലെ 'മള്‍ട്ടിസിഗ്': ബാങ്കിലെ ജോയിന്റ് അക്കൗണ്ടുകള്‍ക്ക് സമാനമായി ഒന്നിലധികം പേരുടെ അനുമതിയോടെ മാത്രം ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന 'മള്‍ട്ടിസിഗ്' സംവിധാനം ഉപയോഗിക്കുക. ഇത് സുരക്ഷ വര്‍ദ്ധിപ്പിക്കും.

ധൃതി കാണിക്കരുത്: ഉടന്‍ പണം നിക്ഷേപിക്കണം എന്ന തരത്തിലുള്ള സന്ദേശങ്ങളെ സംശയത്തോടെ കാണുക. സെര്‍ച്ച് എന്‍ജിനുകളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിന് പകരം ഔദ്യോഗിക ലിങ്കുകള്‍ മാത്രം ഉപയോഗിക്കുക.

കണ്ണടച്ച് വിശ്വസിക്കരുത്: അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാതിരിക്കുക. സോഷ്യല്‍ മീഡിയ വഴിയുള്ള 'നിക്ഷേപ ഉപദേശങ്ങള്‍' കണ്ണടച്ച് വിശ്വസിക്കരുത്.

പറ്റിക്കപ്പെട്ടാല്‍ എന്തുചെയ്യണം?

പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഇടപാടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വാലറ്റ് അഡ്രസ്സുകള്‍, സംഭാഷണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെക്കുക. എത്രയും വേഗം സൈബര്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിക്കുക. സമയം വൈകുംതോറും പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കുറയുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

ചൈനീസ് കമ്പനികള്‍ക്ക് 'പച്ചക്കൊടി'; സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണം നീക്കാന്‍ കേന്ദ്ര നീക്കം
കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും വികസനത്തിനും വന്‍ തുക; കടം കുറയ്ക്കുക വെല്ലുവിളിയാകും