Rajnath Singh : ഏഴ് വർഷം കൊണ്ട് 38000 കോടിയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്ന് രാജ്നാഥ് സിംഗ്

By Web TeamFirst Published Dec 4, 2021, 8:36 PM IST
Highlights

ഇന്ത്യയിലെ പ്രതിരോധ സേനകൾ രാജ്യത്തെ സ്ഥാപനങ്ങളിൽ അർപ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിച്ചെന്നും രാജ്നാഥ് സിംഗ്

ദില്ലി: കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിരോധ - ബഹിരാകാശ രംഗം 85000 കോടിയുടേതാണ്. 18000 കോടിയാണ് ഇതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്തെ എംഎസ്എംഇകൾ  ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നൽകണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജിയും പുതിയ ഉൽപ്പന്നങ്ങളും എംഎസ്എംഇകൾ കൊണ്ടുവരണം. 12000 എംഎസ്എംഇകൾ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ എംഎസ്എംഇകൾ കൂടുതലായി ഈ സെക്ടറിലേക്ക് വരാൻ കാരണം കേന്ദ്രസർക്കാരിന്റെ ഉത്തേജന പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. ലോകത്ത് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രതിരോധ സേനകൾ രാജ്യത്തെ സ്ഥാപനങ്ങളിൽ അർപ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ കമ്പനികൾക്കാണ് പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനാവുക, എന്നാൽ ചെറിയ കമ്പനികളുണ്ടെങ്കിലേ അത്തരം വലിയ കമ്പനികൾക്ക് മുന്നേറ്റമുണ്ടാക്കാനാവൂ. അതിനാൽ എംഎസ്എംഇകൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!