Elon Musk : 70-ന് മേൽ പ്രായമുള്ളവർ ഇനി ജനത്തെ ഭരിക്കരുതെന്ന് എലോൺ മസ്ക്

By Web TeamFirst Published Dec 4, 2021, 7:43 PM IST
Highlights

ഇനി മുതൽ ഭരണരംഗത്ത് 70-ന് മുകളിൽ പ്രായമുള്ളവർ വേണ്ടെന്ന് എലോൺ മസ്ക്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ഇനി മുതൽ ഭരണരംഗത്ത് 70-ന് മുകളിൽ പ്രായമുള്ളവർ വേണ്ടെന്ന് എലോൺ മസ്ക്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. എന്നാൽ ഏതെങ്കിലും നേതാവിനെ എലോൺ മസ്ക് പരാമർശിച്ചിട്ടില്ല. 

അതേസമയം നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടക്കം ലോകത്തെ ഭരണാധികാരികളിൽ നല്ലൊരു ശതമാനവും വയോധികരാണെന്നത് എലോൺ മസ്കിന്റെ ട്വീറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മസ്കുമായി കൊമ്പുകോർത്ത അമേരിക്കൻ സെനറ്റർ ബെർണി സാന്റേർസിന് ഇപ്പോൾ 80 വയസുണ്ട്.

അമേരിക്കൻ അതിസമ്പന്നർ തങ്ങളുടെ വരുമാനത്തിൽ നിന്ന് മാന്യമായ വിഹിതം സർക്കാരിലേക്ക് നികുതിയായി അടയ്ക്കണമെന്ന് ബെർണി സാന്റേർസ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. അൽപ്പം ക്രൂരമായാണ് ഇതിനോട് മസ്ക് പ്രതികരിച്ചത്. നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ഞാൻ ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നുവെന്നായിരുന്നു മറുപടി.

സാന്റേർസിന്റെ വയസിനെ കുറിച്ച് പരിഹസിച്ച മറ്റൊരാളുടെ കമന്റിൽ പൊട്ടിച്ചിരിയുടെ ഇമോജി ഇട്ട മസ്ക് ഇയാൾക്ക് കൂടുതൽ ടെസ്ല ഓഹരികളും വാഗ്ദാനം ചെയ്തിരുന്നു. വയോധികർ അധികാരസ്ഥാനങ്ങളിലെത്തുന്നത് നിരന്തരം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ലോകത്തെങ്ങും. അമേരിക്കയിൽ പോലും ഇതേക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്.

click me!