
അമേരിക്കയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വമ്പന്‍ കുതിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണ് കയറ്റുമതി രംഗത്ത് നവംബറില്‍ രേഖപ്പെടുത്തിയത്. യു.എസ്, ചൈന എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം ഗണ്യമായി വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പ്രധാന കാരണം. പുതിയ കണക്കുകള്‍ പ്രകാരം, നവംബറില്‍ ഇന്ത്യയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.4% വര്‍ധിച്ച് 38.1 ബില്യണ്‍ ഡോളറിലെത്തി. അതേസമയം, ഇറക്കുമതി 2% കുറഞ്ഞ് 62.7 ബില്യണ്‍ ഡോളറായതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി 24.6 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് കഴിഞ്ഞ ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മിയാണ്.
യുഎസ്. ഇന്ത്യയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ അധിക തീരുവ ചുമത്തിയിട്ടും അമേരിക്കയിലേക്കുള്ള കയറ്റുമതി കുതിച്ചുയര്‍ന്നു. നവംബറില്‍ ഇത് 22.6% വര്‍ധിച്ച് 7 ബില്യണ്‍ ഡോളറായി! ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 90% വര്‍ദ്ധനവ് ഉണ്ടായി, 2.2 ബില്യണ്‍ ഡോളറാണ് ഇവിടേക്കുള്ള കയറ്റുമതി. ഇതോടെ, നെതര്‍ലന്‍ഡ്സിനെ മറികടന്ന് ചൈന ഇന്ത്യയുടെ മൂന്നാമത്തെ വലിയ വിപണിയായി മാറി.
ഒക്ടോബറില്‍ കയറ്റുമതിയില്‍ 12% ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം യു.എസ്. തീരുവകളാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, നവംബറിലെ ശക്തമായ തിരിച്ചുവരവ് ഒക്ടോബറിലെ കുറവ് നികത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, രത്നങ്ങളും ആഭരണങ്ങളും, മരുന്നുകള്‍, രാസവസ്തുക്കള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്ക പ്രധാന മേഖലകളിലും വളര്‍ച്ചയുണ്ടായി. എന്നാല്‍ അരി, എണ്ണക്കുരുക്കള്‍, പ്ലാസ്റ്റിക്, ചണ ഉല്‍പ്പന്നങ്ങള്‍, പരവതാനികള്‍ തുടങ്ങി 30 പ്രധാന കയറ്റുമതി മേഖലകളില്‍ അഞ്ചെണ്ണത്തില്‍ ഇടിവുണ്ടായി.
ഇറക്കുമതിയുടെ കാര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ വരവ് 59% കുറഞ്ഞ് 4 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷം ഇത് 10 ബില്യണ്‍ ഡോളറായിരുന്നു. അസംസ്‌കൃത പെട്രോളിയത്തിന്റെ ഇറക്കുമതിയും 11.3% കുറഞ്ഞ് 14 ബില്യണ്‍ ഡോളറിലെത്തി. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയും 20% കുറഞ്ഞു. എങ്കിലും, ഇലക്ട്രോണിക്‌സ് (16% വര്‍ദ്ധനവ് - 8.8 ബില്യണ്‍ ഡോളര്‍), വെള്ളി (125% വര്‍ദ്ധനവ് - 1.1 ബില്യണ്‍ ഡോളര്‍), മുത്തുകളും അര്‍ദ്ധ-വിലയേറിയ കല്ലുകളും (90% വര്‍ദ്ധനവ് - 1.8 ബില്യണ്‍ ഡോളര്‍) തുടങ്ങിയ വിഭാഗങ്ങളില്‍ ഇറക്കുമതി വര്‍ദ്ധിച്ചു.