ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു: വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍

Published : Dec 19, 2025, 05:35 PM IST
crude oil

Synopsis

റഷ്യന്‍ എണ്ണ വരവ് കുതിച്ചുയരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ വന്‍ വിലക്കിഴിവോടെ എണ്ണ വാങ്ങാന്‍ തുടങ്ങിയതാണ് ഇതിന് കാരണം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് വരുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ വരവ് കുതിച്ചുയരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ വന്‍ വിലക്കിഴിവോടെ എണ്ണ വാങ്ങാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 10 ലക്ഷം ബാരല്‍ കവിയുമെന്നാണ് സൂചന.

ശക്തമായി ഇന്ത്യ-റഷ്യ ബന്ധം

റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണ്. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സഹകരണം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ ഇന്ത്യ 17.7 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഒക്ടോബറിനേക്കാള്‍ 3.4% കൂടുതലായിരുന്നു ഇത്. അമേരിക്കയുടെ ഉപരോധം കാരണം റഷ്യയിലെ രണ്ട് പ്രമുഖ എണ്ണ കമ്പനികളില്‍ നിന്ന് ചില ശുദ്ധീകരണശാലകള്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയതോടെ ഡിസംബറില്‍ ഇറക്കുമതി കുറയുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കണക്കുകള്‍ മറിച്ചാണ്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഡിസംബറില്‍ പ്രതിദിനം 12 ലക്ഷം ബാരലിലധികം റഷ്യന്‍ എണ്ണ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. മാസാവസാനത്തോടെ ഇത് 15 ലക്ഷം ബാരലായി ഉയര്‍ന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരിയില്‍ വാങ്ങല്‍ തുടരും; ചില കമ്പനികള്‍ മാറിനില്‍ക്കുന്നു

ഉപരോധമില്ലാത്ത പുതിയ റഷ്യന്‍ കമ്പനികള്‍ എണ്ണ വിതരണം ചെയ്യാന്‍ രംഗത്തെത്തുന്നതിനാല്‍ ജനുവരിയിലും ഇറക്കുമതി ഡിസംബറിലെ അളവില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാര വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങല്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ജനുവരിയിലെ എണ്ണ അളവ് 10 ലക്ഷം ബാരലില്‍ താഴെയായിരിക്കുമെന്നും ചില ശുദ്ധീകരണശാലകള്‍ പറയുന്നു.

പൊതുമേഖലാ കമ്പനികള്‍ രംഗത്ത്

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ വാങ്ങാന്‍ വീണ്ടും സജീവമായി രംഗത്തുണ്ട്. റഷ്യന്‍ കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ റിഫൈനറിയായ നയാര എനര്‍ജി യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും ഉപരോധം കാരണം റഷ്യന്‍ എണ്ണ മാത്രമാണ് വാങ്ങുന്നത്. റിലയന്‍സും എച്ച്പിസിഎല്‍ മിത്തല്‍ എനര്‍ജിയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരും മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സും ജനുവരിയില്‍ റഷ്യന്‍ എണ്ണ ഒഴിവാക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ഈജിപ്തും ഇസ്രയേലും മച്ചാ...മച്ചാ; ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്യാസ് കരാര്‍; ഈജിപ്തിലേക്ക് 35 ബില്യണ്‍ ഡോളറിന്റെ പ്രകൃതി വാതകം
ചൈനയില്‍ കാലിടറി നൈക്കി; വിപണി പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനി