ഇറാനുമായുള്ള യുദ്ധത്തിൽ വൻ വിജയം അവകാശപ്പെട്ട് ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും പൂർണ്ണമായും തകർത്തെന്നും ഇനി അവർക്ക് ആണവായുധ ഭീഷണി ഉയർത്താനാവില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജറൂസലേം: ഇറാനുമായുള്ള യുദ്ധം 20 ദിവസം പിന്നിടുമ്പോൾ വൻ വിജയം അവകാശപ്പെട്ട് ഇസ്രായേൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും പൂർണ്ണമായും തകർത്തെന്നും ഇനി അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ കഴിയില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വേഗത്തിൽ അവസാനിക്കുന്ന യുദ്ധം: "പലരും വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ ഈ യുദ്ധം അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ല, അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കുക, മിസൈൽ ശേഷി തകർക്കുക, ഇറാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം പിടിച്ചെടുക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നിവയാണ് ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാർത്തകൾ നെതന്യാഹു തള്ളി. ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേൽ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ അഭ്യർത്ഥന പ്രകാരം തുടർ ആക്രമണങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.
ലെബനൻ അതിർത്തിയിൽ ഹെസ്ബുള്ളയുടെ നുഴഞ്ഞുകയറ്റം തടയാൻ പ്രത്യേക സുരക്ഷാ ഇടനാഴി ഇസ്രായേൽ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണം വീഴുമ്പോൾ ഹെസ്ബുള്ളയുടെ അന്ത്യവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ നേതൃത്വത്തിനുള്ളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയെന്നും ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്ക നടത്തുന്ന കഠിനമായ ശ്രമങ്ങൾക്ക് ഇസ്രായേൽ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഇത് വിജയിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുറയുമെന്നും എന്നാൽ ഇറാന്റെ ബ്ലാക്ക്‌മെയിലിംഗിന് ആരും വഴങ്ങരുതെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.


